ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോപ്പ് പ്രിന്റ് – സബ്ലിമേഷന്‍ യൂണിറ്റ് ആരംഭിച്ചു
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണി വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ഹോപ്പ് പ്രിന്റ് – സബ്ലിമേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഭിന്നശേഷി കമ്മീഷണര്‍ ഡോ.പി.റ്റി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മനസ്സിലെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കുമ്പോഴാണ് ജീവിത വിജയം നേടുന്നത്. അത്തരത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് ജീവിത വിജയം നേടുന്നതിനായി സെന്റര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളും അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 2024ലെ സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ പുരസ്‌കാരം നേടിയ അനന്യ ബിജേഷ്, കളം @ 24 എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ സെറിബ്രല്‍പാള്‍സി ബാധിതനായ രാഗേഷ് കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ സ്വാഗതവും പ്രിസം സൈക്കോളജിസ്റ്റ് ശാന്തികൃഷ്ണ നന്ദിയും പറഞ്ഞു. ടി ഷര്‍ട്ടുകള്‍, ക്യാപ്പുകള്‍, സെറാമിക് കപ്പുകള്‍ എന്നിവയില്‍ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് പ്രിന്റ് ചെയ്യുന്ന യൂണിറ്റാണിത്. ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.