കോന്നിയില്‍ വാഹനാപകടം: നവദമ്പതികളും അച്ഛന്മാരും മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ നവദമ്പതികളടക്കമുള്ള നാലുപേര്‍ മരിച്ചു. നവംബര്‍ 30ന് വിവാഹിതരായ അനു, നിഖില്‍ ദമ്പതികളും അനുഭവിന്റെ പിതാവ് ബിജു പി. ജോര്‍ജ്, നിഖിലിന്റെ പിതാവ് മത്തായി ഈപ്പനുമാണ് മരിച്ചത്.
മലേഷ്യയില്‍ ഹണിമൂണ്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെ നിയന്ത്രണം വിട്ട കാര്‍ ബസിലിടിക്കുകയായിരുന്നു.
അപകടത്തില്‍ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന അനുവിനെ പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകര്‍ ജീവനുണ്ടായിരുന്നുവെന്ന് പറഞ്ഞു. അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. നാല് പേരുടെ മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.