എംടിയുടെ സിനിമകളേയും കഥകളേയും നോവലുകളേയും വ്യത്യസ്തമായി കാണാന്‍ ശ്രമിച്ചപ്പോള്‍ എനിക്കു മനസ്സിലായത് തന്റെ കഥാപാത്രങ്ങളുടെ സാമ്പത്തികജീവിതം എങ്ങനെയെന്ന് എംടി വളരെ ഒതുക്കത്തിലും മനോഹാരിതയോടെയും ആവിഷ്‌കരിച്ചിരുന്നുവെന്നാണ്. നിര്‍മാല്യം എന്ന സിനിമയിലായാലും അവര്‍ എന്ന മനോഹരമായ ചെറുകഥയിലായാലും മഞ്ഞ് എന്ന നോവലിലായാലും അത് നമുക്ക് കാണാതെ കാണാം. നമ്മുടെ സമൂഹം കടന്നുപോന്ന സാമ്പത്തിക വളര്‍ച്ച എംടിയുടെ കഥാലോകത്തും പ്രതിഫലിച്ചു. ഷെര്‍ലകും വാനപ്രസ്ഥവും വാരാണസിയുമെല്ലാം ഇതിനു സാക്ഷ്യങ്ങളാണ്. സംരംഭങ്ങളും വ്യവസായങ്ങളും പ്രധാനമാണെന്ന് സിനിമകള്‍ നിര്‍മിച്ചിട്ടുള്ള ആളെന്ന നിലയിലും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം. അതാണ് രണ്ടാമൂഴത്തില്‍പ്പോലും നമുക്ക് വായിച്ചെടുക്കാവുന്ന നേതൃഗുണ വര്‍ണനകളിലൂടെ തെളിയുന്നത്. ഒരു പാര്‍പ്പിട നിര്‍മാതാവ് എന്ന നിലയിലും എന്റെ എംടി വായനകള്‍ സമ്പന്നമായിരുന്നു. കഥാപാത്രങ്ങള്‍ പാര്‍ക്കുകയും സന്ദര്‍ശിക്കുകയുമെല്ലാം ചെയ്യുന്ന വിവിധ തരം പാര്‍പ്പിടങ്ങളെ സംബന്ധിച്ച് ചെറുതെങ്കിലും മനോഹരമായ സൂചനകള്‍ എംടി എപ്പോഴും തന്റെ രചനകളില്‍ നിക്ഷേപിച്ചു. എംടിയുടെ പരിസര വര്‍ണനകള്‍ മാത്രം നോക്കിയാല്‍ മതി അദ്ദേഹം എത്ര വലിയ എഴുത്തുകാരനാണെന്ന് മനസ്സിലാക്കാന്‍. ആഖ്യാനകലയുടെ പെരുന്തച്ചന്‍ എന്ന് എംടി വിളിക്കപ്പെടുന്നത് എല്ലാ അര്‍ത്ഥത്തിലുമാണ്.
– സുനില്‍ കുമാര്‍ വി., സ്ഥാപകന്‍, മാനേജിംഗ് ഡയറക്ടര്‍, അസറ്റ് ഹോംസ്