AmericaCommunityGlobalMusicNews

100 വൈദികരും 100 കന്യാസ്ത്രീകളും ചേര്‍ന്ന ‘സര്‍വ്വേശ’ ആല്‍ബം സംഗീതലോകത്തെ നേര്‍ച്ചയായി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്‌തു

വത്തിക്കാന്‍ സിറ്റി ∙ തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ സൃഷ്ടിയായ ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പദ്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസും ഫാ. ഡോ. പോള്‍ പൂവത്തിങ്കലും 100 വൈദികരും 100 കന്യാസ്ത്രീകളും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ക്ക് ഫാ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്‍ഡ് ജേതാവായ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്‍കി.

വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനിടെ ഫാ. പോളും മനോജ് ജോര്‍ജും ചേര്‍ന്ന് സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവെച്ചുകൊണ്ടാണ് മാര്‍പാപ്പ ആല്‍ബം പ്രകാശനം ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുകളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്.

ഈ ആല്‍ബത്തിന്റെ സവിശേഷത മലയാളത്തിന്റെ മണ്മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി. സി. ദേവസ്യാ രചിച്ച ക്രിസ്തു ഭാഗവതം എന്ന കൃതി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് കൂടിയാണ്. സംസ്‌കൃതത്തില്‍ അവതരിപ്പിച്ച ക്രിസ്തുവിന്റെ പ്രാര്‍ത്ഥനാ ഗാനം “സ്വര്‍ഗസ്ഥനായ പിതാവേ” കര്‍ണാടിക് സംഗീതത്തിന്റെ നഠഭൈരവി രാഗത്തിലാണു പാശ്ചാത്യ സംഗീതത്തിന്റെ സാങ്കേതികത കൈമാറി പുനര്‍ജനിപ്പിച്ചത്.

ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍ ചേംബര്‍ ഓര്‍ക്കസ്‌ട്രേഷന്‍ നടന്ന ഈ ആല്‍ബത്തിന് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ മകനും ഗ്രാമി ജേതാവുമായ രാകേഷ് ചൗരസ്യയും പശ്ചാത്തല സംഗീതം നല്‍കി. ഈ ആല്‍ബത്തിന്റെ ശബ്ദലേഖനവും മിശ്രണവും റിക്കി കേജ്, സജി ആര്‍. നായര്‍ തുടങ്ങിയ ലോകപ്രശസ്തര്‍ നയിച്ച സംഘം നിര്‍വഹിച്ചു. തൃശൂരിലെ ചേതന, എറണാകുളം സി. എ. സി., മുംബൈ ഹെഡ് റൂം, ഹോളിവുഡ് ദ വില്ലേജ് എന്നിവടങ്ങളിലായിരുന്നു ശബ്ദമിശ്രണവും ഫിനിഷിംഗും.

സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഈ ആല്‍ബത്തിലെ വരുമാനം തൃശൂര്‍ ചേതന ഗാനാശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിനുള്ള ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Show More

Related Articles

Back to top button