പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് തുടക്കമായി
അറിവിന്റെ അതിര്‍ത്തികള്‍ വികസിക്കുമ്പോള്‍ ശുദ്ധിയ്ക്കും ശാശ്വതസങ്കല്‍പ്പങ്ങള്‍ക്കും സ്ഥാനമില്ലെന്ന് ആനന്ദ്
ഇനി കലര്‍പ്പുകളുടെ രണ്ട് നാള്‍; ഗ്രാമോത്സവം ഞായറാഴ്ച സമാപിക്കും
ചേര്‍പ്പ്: അറിവിന്റെ അതിര്‍ത്തികള്‍ വികസിക്കുമ്പോള്‍ ശുദ്ധിയ്ക്കും ശാശ്വതസങ്കല്‍പ്പങ്ങള്‍ക്കും സ്ഥാനമില്ലെന്ന് എഴുത്തുകാരനായ ആനന്ദ് പറഞ്ഞു. കലാ, സാഹിത്യ, സംസ്‌ക്കാരിക പെരുമകളുടെ സംഗമവേദിയായി സര്‍വമംഗള ട്രസ്റ്റ് സംഘടിപ്പിച്ചു വരുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാമത് പതിപ്പ് പെരുവനം ശ്രീലകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പശ്ചാത്തലത്തില്‍ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തമായ കലര്‍പ്പുകള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധിയുടേയും ശാശ്വതസങ്കല്‍പ്പങ്ങളുടേയും പേരിലുള്ള യുദ്ധങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതേ സമയം പരിണാമത്തില്‍ തുടങ്ങിയ ജീവന്റെ യാത്ര മുന്നോട്ടു പോകുന്നു. പരിണാമചക്രത്തില്‍ മനുഷ്യന്‍ ആര്‍ജിച്ച സംസ്‌കാരം പോലും ഒരു യാത്രയാണ്. പുതിയ അറിവുകള്‍ തേടിയുള്ള അന്വേഷണങ്ങളാണ് മനുഷ്യന്റേത്. കലയും ഭാവനയും ഈ യാത്രയെ സുന്ദരമാക്കുന്നു. ഇതിനിടയില്‍ ശുദ്ധിയും ശാശ്വതമൂല്യങ്ങളും ബുദ്ധിശൂന്യമായ സങ്കല്‍പ്പങ്ങളാണ്. സാങ്കേതികമായ വിശ്വാസങ്ങളും മരവിച്ച ആചാരങ്ങളും മനുഷ്യന്റെ ബുദ്ധിയേ തടവിലിടുകയേ ഉള്ളു. അവ നമ്മളെ ജീര്‍ണിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആനന്ദ് പറഞ്ഞു.
ഈ വര്‍ഷത്തെ ഐവറി ബുക്‌സ് അവാര്‍ഡ് ചടങ്ങില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു. ഞാന്‍ ഏകനാണ് എന്ന സിനിമയ്ക്കു വേണ്ട ചിത്ര ആദ്യമായി പാടിയ ചലച്ചിത്രഗാനങ്ങള്‍ എഴുതിയത് താനാണെന്ന് അവാര്‍ഡ്ദാനം നിര്‍വഹിച്ച സത്യന്‍ അന്തിക്കാട് ഓര്‍മിച്ചു. യേശുദാസിന്റെ കാലത്ത് ജീവിക്കുന്നു, പത്തു സിനിമകളില്‍ ഇളയരാജയുമൊത്ത് പ്രവര്‍ത്തിച്ചു, ക്യാമറയ്ക്കു മുമ്പില്‍ മോഹന്‍ലാലിനെ അഭിനയിപ്പിച്ചു, പില്‍ക്കാലത്ത് ഇന്ത്യയുടെ വാനമ്പാടിയായ ചിത്രയുടെ ആദ്യസിനിമാഗാനങ്ങളെഴുതി എന്നിവയാണ് സിനിമാരംഗത്തെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകന്‍ വിദ്യാധരന്‍, ശ്രീലകം മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസറുമായ സി വി കൃഷ്ണന്‍, സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ട്രസ്റ്റി വേണുഗോപാല മേനോന്‍ എം. ഡി എന്നിവര്‍ പ്രസംഗിച്ചു. ആനന്ദിന്റെ ഒടുവില്‍ പുസ്തകങ്ങള്‍ മാത്രം അവശേഷിക്കുന്നു, ആര്യ ദിനേഷിന്റെ ഗുല്‍മോഹര്‍ ബീസ്, എന്‍ രാധാകൃഷ്ണന്‍ നായരുടെ സംഗീതാരൂഢങ്ങള്‍, രാംമോഹന്‍ പാലിയത്തിന്റെ സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഗ്രാമോത്സവത്തിന്റെ ആദ്യസെഷനില്‍ ചിത്ര ഏഷ്യാനെറ്റ് ചാനല്‍ ഹെഡും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കിഷന്‍ കുമാര്‍ എം എസ് ആലാപനത്തിലെ ശൈലീഭേദങ്ങള്‍ എന്ന വിഷയത്തില്‍ സംവദിച്ചു. തുടര്‍ന്ന് ഗായകന്‍ ഷഹബാസ് അമന്റെ സംഗീതപരിപാടിയും അരങ്ങേറി.
ഗ്രാമോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ജനു 4) എഴുത്തുകാരായ എന്‍.എസ്. മാധവന്‍, വി. മധുസൂദനന്‍ നായര്‍, അഖില്‍ പി. ധര്‍മജന്‍, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘താരങ്ങള്‍ ഇല്ലാതെയും തിളങ്ങുന്ന മലയാളസിനിമ’ എന്ന വി ഷയത്തില്‍ സംവിധായകരായ അഖില്‍ സത്യന്‍, ആനന്ദ് ഏകര്‍ഷി എന്നിവര്‍ സംസാരിക്കും. ‘ലോകത്തിന്റെ കാലക്രമ വും സംഗീതവും’ എന്ന വിഷയത്തില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍, ഗായകന്‍ ഇ.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.’പുസ്തകവില്‍പ്പനയിലെ സാഹിത്യാനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ പുസ്തക വില്‍പ്പനക്കാരായ റഫീഖ് കേച്ചേരി, എ.വി. ശശി, നൗഷാദ് കൊല്ലം എന്നിവരുമായി കവി ശ്രീജ നടുവം സംവദിക്കും. വൈകീട്ട് 7ന് കാവാലം ശ്രീകുമാര്‍, കോട്ടക്കല്‍ മധു, സുദീപ് പാലനാട് എന്നിവര്‍ അവതരിപ്പിക്കുന്ന രാഗസമന്വയം പരിപാടി അരങ്ങേറും.
ജനുവരി 5-ന് രാവിലെ 11-ന് ‘നിരീക്ഷണത്തിന്റെ നേരറിയാന്‍’ എന്ന വിഷയത്തില്‍ അഡ്വ. എ. ജയശങ്കര്‍, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ സംസാരിക്കും. ‘വയലാര്‍ഗാനങ്ങളിലെ ചാരുതയും കവിതാ സങ്കല്പവും’ എന്ന വിഷയത്തില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഉച്ചക്ക് 2-ന് ‘അക്ഷരംപ്രതി’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കെ.സി. നാരായണന്‍, രാംമോഹന്‍ പാലിയത്ത്, 3-ന് ‘ഇന്ദുലേഖ പുനര്‍വായന’ എന്ന വിഷയത്തില്‍ എഴുത്തു കാരി ഡോ. പി. ഗീത എന്നിവര്‍ സംസാരിക്കും. വൈകീട്ട് 4-ന് ‘എഴുത്തുകാരനും കഥാ പാത്രവും തമ്മില്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ജി ആര്‍. ഇന്ദുഗോപന്‍, കഥാപാത്രം മണിയന്‍പിള്ള എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 5-ന് നടക്കുന്ന സമാപ സമ്മേളനത്തില്‍ എഴുത്തുകാരന്‍ എം. മുകുന്ദന്‍, എം.കെ. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. ഡോ പി നാരായണന്‍ കുട്ടി സ്മാരക പുരസ്‌കാരവും സമാപനച്ചടങ്ങില്‍ സമ്മാനിക്കും. രാത്രി 7-ന് ഗായകന്‍ ടി.എം. കൃഷ്ണയുടെ സംഗീതപരിപാടി.