സന്നദ്ധ സാമൂഹിക ക്ഷേമ സംഘടന നാമത്തിന് ( NAMAM)പുതിയ സാരഥികൾ.
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക സന്നദ്ധ ജീവകാരുണ്യ ക്ഷേമ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ ആൻ്റ് മെരിറ്റ് (നാമം – NAMAM ) 2025-2027 കാലയളവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുതിയ സാരഥികളെ പ്രഖ്യാപിച്ചു.
പ്രദീപ് മേനോൻ ( പ്രസിഡൻ്റ് ),ബിന്ദു സത്യ ( ജനറൽ സെക്രട്ടറി ), സിറിയക് എബ്രഹാം (ട്രഷറർ) എന്നിവരാണ് നിയുക്ത സാരഥികൾ. ജനുവരി നാലാം തീയതി ന്യൂജേഴ്‌സി ഡൊമിനിക് ഹോട്ടലിൽ നടന്ന ലൈഫ് അംഗങ്ങളുടെ യോഗത്തിൽ ‘നാമം – NAMAM ‘ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡൻ്റ് ആഷാ മേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത്ത്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നേതൃത്വത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
‘നാമം – NAMAM’ നിയുക്ത പ്രസിഡൻ്റ് പ്രദീപ് മേനോൻ സപ്ലൈ ചെയ്ന്‍ & ലോജിസ്റ്റിക് രംഗത്ത് നിരവധി വര്‍ഷങ്ങളുടെ ആഗോള അനുഭവസമ്പത്തുള്ള പ്രൊഫഷണലാണ്. വിവിധ രാജ്യാന്തര കമ്പനികളില്‍ ശ്രദ്ധേയമായ സേവനവും വൈദഗ്ദ്ധ്യവും കാഴ്ചവെച്ച പ്രദീപ് മേനോന്‍ തന്റെ ജീവിതം സാമൂഹിക വികസനത്തിനായി സമര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്. ‘നാമത്തിലൂടെ ( NAMAM) അദ്ദേഹം നടത്തിയിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തിനും സംഘാടക ശേഷിക്കും നിദാനമാണ്. ന്യൂജേഴ്‌സിയിലെ വിവിധ സന്നദ്ധ സംഘടനകളില്‍ ദീര്‍ഘകാലമായി നിസ്വാർത്ഥമായ സാമൂഹിക സേവനമനുഷ്ഠിച്ചു വരുന്ന പ്രദീപ് മേനോൻ ശക്തമായ നേതൃത്വത്തിന്റെയും സമഗ്രമായ പ്രവർത്തന മികവിൻ്റെയും ഉദാഹരണമാണ്. “നാമം സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള മികച്ച വേദിയാണ്” എന്ന് പ്രദീപ് മേനോൻ നിയുക്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ പ്രസ്താവിച്ചു.
നിയുക്ത ജനറൽ സെക്രട്ടറിയായ ബിന്ദു സത്യ മലയാളി സമൂഹത്തിന്റെ വികസനത്തിനും സംസ്‌കാരസംരക്ഷണത്തിനും പരിപോഷണത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിവരുന്ന വ്യക്തിത്വമാണ്. ‘നാമ ‘ ത്തിന്റെ ( NAMAM) പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രാവീണ്യമുള്ള ബിന്ദു, സാമൂഹിക പ്രവര്‍ത്തനങ്ങളിലും സന്നദ്ധസേവനത്തിലും സജീവ പങ്കാളിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം നല്‍കുക, മലയാളി സംസ്‌കാരത്തിന്റെ സമ്പന്നത പ്രകടിപ്പിക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുക, സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ബിന്ദു തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച വനിതയാണ്. വീട്ടമ്മയെന്ന നിലയിൽ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും സമൂഹജീവിയെന്ന നിലയിൽ പൊതുസമൂഹത്തിനോടുള്ള പ്രതിബദ്ധതയും ഒരുപോലെ നിർവഹിക്കുന്ന ബിന്ദു മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ‘നാമം ‘ കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രത്യാശിക്കുന്നു.
‘ നാമ ‘ ത്തിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം നിലകൊണ്ട് തന്‍റെ സാമൂഹിക-സംസ്‌കാരിക താല്‍പ്പര്യങ്ങള്‍ നിറവേറ്റാനും ശക്തമായി തുടര്‍ന്നുകൊണ്ടുപോകുവാനുമാണ് ബിന്ദുവിന്റെ ആഗ്രഹം. ബിന്ദുവിന്റെ പ്രവര്‍ത്തനങ്ങള്‍ ‘നാമ ‘ ( NAMAM)ത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
‘നാമം ‘ (NAMAM ) ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട സിറിയക് എബ്രഹാം സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയും വിവിധ കർമ്മമേഖലകളിൽ ദീർഘകാല അനുഭവ പരിചയമുള്ള സംഘാടകനുമാണ്. ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ കരിയര്‍ ആരംഭിച്ച സിറിയക്, പിന്നീട് വെള്ളാപ്പള്ളി ബ്രദേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിൻ്റെ പ്രോജക്ട് മാനേജ്‌മെന്റില്‍ ആറുവര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, 30 വര്‍ഷത്തോളം ഫുഡ് സര്‍വീസ് മാനേജ്‌മെന്റില്‍ പ്രവര്‍ത്തിച്ച സിറിയക് അതേസമയം സമൂഹ സേവന രംഗത്തും നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി (IKCC) യുടെ NJ/NY/CT മേഖലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചതിന് ശേഷം ദേശീയ IKCC അംഗങ്ങളിൽ ഒരാളായി. 2008-ല്‍, അന്തര്‍ദേശീയ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) കണ്‍വന്‍ഷനില്‍ ഫുഡ് ആന്‍ഡ് ബാന്‍ക്വറ്റ് ചെയര്‍മാനായി സേവനം അനുഷ്ഠിച്ചു.
നാമത്തിൽ ലയ്സന്‍ ഓഫീസറായും സിറിയക് എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. KCS എന്റര്‍പ്രൈസസ് ,LLC എന്നീ സ്ഥാപനങ്ങൾ അദ്ദേഹം മികവോടെ നടത്തിവരുന്നു. ‘നാമ ‘ത്തിലെ (NAMAM) വ്യക്തിഗത സംഭാവനകളിലൂടെ സമൂഹത്തിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും സിറിയക് എബ്രഹാം നല്‍കി വരുന്ന സേവനങ്ങൾ പ്രശംസനീയമാണ്.
‘നാമ ‘ത്തിൻ്റെ (NAMAM)പുതുനേതൃത്വങ്ങളുടെ സ്ഥാനാരോഹണം മാർച്ച് 29 നു റോയൽ ആൽബർട്ട് പാലസ് ഹോട്ടലിൽ നടക്കും. മറ്റു 12 ഭാരവാഹികളുടേയും സ്ഥാനാരോഹണവും അന്നേദിവസം നടക്കും. യോഗത്തിൽ എല്ലാ ലൈഫ് മെമ്പേഴ്സും പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. സാബു തിരുവല്ലയുടെ കലാവിരുന്ന് സമ്മേളനത്തെ ആകർഷകമാക്കി.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘( NAMAM ) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിലും കൂടുതൽ പൊലിമയോടെ അവാർഡ് നൈറ്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘നാമത്തിൻ്റെ (NAMAM) പുതിയ ന്യൂക്ലിയസിനു പ്രത്യേക അഭിനന്ദനം അറിയിച്ച ലൈഫ് അംഗങ്ങൾ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ് നൽകുമെന്ന് അശംസ സന്ദേശത്തിൽ അറിയിച്ചു. പ്രസിഡൻ്റ് ആശാ മേനോൻ്റെയും മറ്റു ഭാരവാഹികളുടെയും കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ പ്രശംസിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/