KeralaNews

പെരുവനം രാജ്യാന്തര ഗ്രാമോത്സവം സമാപിച്ചു.

തൃശൂര്‍: മൂന്നു ദിവസമായി നടന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാം പതിപ്പിന് തിരശ്ശീല വീണു. സമാപനസമ്മേളനത്തില്‍ ടെംസ് നെറ്റ് വര്‍ക്ക് എംഡിയും സിഇഒയുമായ എം.കെ. ആനന്ദ് അധ്യക്ഷനായി. എഴുത്തുകാരായ സുഭാഷ്ചന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, വാദ്യകലാ വിദഗ്ധന്‍ പെരുവനം കുട്ടന്‍മാരാര്‍, വൈദ്യരത്‌നം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ ടി യദു നാരായണന്‍ മൂസ്സ്, ഗ്രാമോത്സവത്തിന്റെ സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രൂക് യൂണിവേഴ്‌സിറ്റിയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോ സി വി കൃഷ്ണന്‍, ബോട്‌സ്വാനയിലെ ചോപ്പീസ് ഗ്രൂപ്പ് സ്ഥാപകന്‍ രാമചന്ദ്രന്‍ ഒറ്റപ്പത്ത്, യുഎഇയിലെ ഒയാസിസ് ഗ്രൂപ്പ് എംഡി വേണുഗോപാല മേനോന്‍ ഐവറി ബുക്‌സ് സിഇഒ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കവിതാ സമാഹാരത്തിനുള്ള പ്രഥമ ഡോ. പി നാരായണന്‍ കുട്ടി സ്മാരക പുരസ്‌കാരം കടല്‍ കടന്ന കറിവേപ്പുകള്‍ എന്ന സമാഹാരത്തിന് ശ്രീകാന്ത് താമരശ്ശേരിക്ക് സുഭാഷ്ചന്ദ്രന്‍ സമ്മാനിച്ചു. ഐവറി എം എന്‍ വിജയന്‍ പുരസ്‌കാരം തൃശൂര്‍ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തന പ്രസിദ്ധീകരണ കൂട്ടായ്മയായ ജാഗ്രതയുടെ കേരളീയത്തിനു വേണ്ടി എ റോബിനും സംഘവും എം കെ ആനന്ദില്‍ നിന്ന് ഏറ്റുവാങ്ങി. ഐവറി ബുക്സ് സുകുമാര്‍ അഴീക്കോട് പുരസ്‌കാരം കറുത്തവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്നും ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുവന്ന യുണൈറ്റഡ് നേഷന്‍സ് വനിതാ അംബാസിഡറായ എവിറ്റെ എലിസബത്ത് സ്റ്റീവണ്‍സണിനു വേണ്ടി ഹുസൈഫ ഫക്രുദീനും ഏറ്റുവാങ്ങി. 25,000 രൂപയും കരിങ്കല്‍ ശില്‍പ്പവും അടങ്ങുന്നതാണ് ഐവറി ബുക്‌സ് എം എന്‍ വിജയന്‍, സുകുമാര്‍ അഴീക്കോട് പുരസ്‌കാരങ്ങള്‍. സമാപന സമ്മേളനത്തെത്തുടര്‍ന്ന ടി എം കൃഷ്ണയുടെ കര്‍ണാടക സംഗീതക്കച്ചേരിയും അരങ്ങേറി.

ഷേക്‌സ്പിയര്‍ ലോകാരാധ്യനായത് ഇംഗ്ലീഷില്‍ എഴുതിയതുകൊണ്ടല്ല, ലോകാനുഭവങ്ങളെ സ്വാംശീകരിച്ചതുകൊണ്ടാണെന്ന് സുഭാഷ്ചന്ദ്രന്‍

തൃശൂര്‍: പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച് ഇംഗ്ലീഷിലെഴുതിയ ഷേക്‌സ്പിയര്‍ ലോകാരാധ്യനായതും ഇംഗ്ലീഷ്ഭാഷയുടെ ഏറ്റവും വലിയ സ്വാധീനശക്തിയായതും ഇംഗ്ലീഷിലെഴുതിയതുകൊണ്ടല്ലെന്നും മറിച്ച് ലോകാനുഭവങ്ങളെ തന്റെ രചനകളിലൂടെ സ്വാംശീകരിച്ചതുകൊണ്ടാണെന്നും എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോമഡി ഓഫ് എറേഴ്‌സിന്റെ പശ്ചാത്തലം ടര്‍ക്കിയാണെങ്കില്‍ റോമിയോ ആന്‍ഡ് ജൂലിയറ്റ്, മര്‍ച്ചന്റ് ഓഫ് വെനീസ്, ഒഥെല്ലോ എന്നിവയുടെ പശ്ചാത്തലം ഇറ്റലിയും ആന്റണി ആന്‍ഡ് ക്ലിയോപാട്രയുടെ പശ്ചാത്തലം ഈജിപ്തും ടെംപസ്റ്റിന്റേത് വിദൂരമായ ഒരു സമുദ്രദ്വീപുമായിരുന്നു. അഥവാ ഒന്നിന്റേയും പശ്ചാത്തലം ഇംഗ്ലണ്ടായിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ലോകാരാധ്യനാക്കിയത്. ഇന്ന് ലോകത്തിലെ ചെറിയ ഭാഷകളും ചെറിയ പ്രദേശങ്ങളും ഇത്തരം ലോകാനുഭവങ്ങള്‍ സ്വാംശീകരിച്ച് ഇങ്ങനെ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. പെരുവനം ഗ്രാമോത്സവം ആ ഉയര്‍ത്തെഴുന്നേല്‍പ്പന്റെ ഭാഗമാണ്. കേരളത്തിലെ ഇതുള്‍പ്പെടെയുള്ള പത്തോളം സാഹിത്യേത്സവങ്ങളെ പിഎച്ച്ഡി ഗവേഷണ വിഷയമാക്കിയ ഒരു ചെറുപ്പക്കാരനെ ഈയിടെ പരിചയപ്പെട്ട കാര്യവും സുഭാഷ്ചന്ദ്രന്‍ ഓര്‍മിച്ചു. ഭുമീദേവിയുടെ മുഖ്യപ്രതിഷ്ഠയായ പെരുവനം ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നാണ് ഗ്രാമോത്സവവേദിയെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബലും ലോക്കലും ചേര്‍ന്ന ഗ്ലോക്കല്‍ എന്ന ആധുനികസംജ്ഞയെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമീദേവീ പ്രതിഷ്ഠയിലൂടെ സാക്ഷാത്കരിച്ച പാരമ്പര്യമാണ് പെരുവനത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ എഴുത്തുകാര്‍ ഇന്ന് തുടരെത്തുടരെ വലിയ സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാവുന്നു. ജെസിബി പുരസ്‌കാരം ഇന്ന് മലയാള പുരസ്‌കാരം എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടല്‍ കടന്ന കറിവേപ്പുകള്‍ കലര്‍പ്പുകളുള്ള കോക്ടെയില്‍ കവിതയെന്ന് കല്‍പ്പറ്റ

തൃശൂര്‍: പെരുവനം അന്തര്‍ദേശീയ ഗ്രാമോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഒന്നാമത് ഡോ. പി. നാരായണന്‍ കുട്ടി സമാരക പുരസ്‌കാരത്തിന് അര്‍ഹമായ കടല്‍ കടന്ന കറിവേപ്പുകള്‍ എന്ന കവിതാസമാഹാരം ഗ്രാമോത്സവത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തമായ കലര്‍പ്പുകളുടെ സാക്ഷാത്കാരമാണെന്ന് കവിയും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ബഹുസ്വരതകള്‍ ഏറ്റവും സാക്ഷാത്കരിക്കപ്പെടുന്ന മാധ്യമം കവിതയാണ്. ഈ കോട്‌കെയില്‍ സ്വഭാവം കടല്‍ കടന്ന കറിവേപ്പുകള്‍ സ്വാംശീകരിക്കുന്നു. എഴുത്തച്ഛന്‍ മുതല്‍ക്കുള്ള കവികളുടെ വായനയുടെ അനുശീലനം ഈ പുസ്തകത്തിലെ കാവ്യഭാഷയില്‍ പ്രതിഫലിക്കുന്നു. തികഞ്ഞ നര്‍മബോധവും സമകാലവിഹ്വതകളുടെ അഭിമുഖീകരണവും ഈ കവിതകള്‍ നിര്‍വഹിക്കുന്നു.

കേരളത്തിന് വന്‍സാധ്യതകളെന്ന് ടെംസ് നെറ്റ് വര്‍ക്ക് എംഡിയും സിഇഒയുമായ എം. കെ. ആനന്ദ്

തൃശൂര്‍: സംരംഭകത്വം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തിന് വന്‍സാധ്യതകളെന്ന് ടെംസ് നെറ്റ് വര്‍ക്ക് എംഡിയും സിഇഒയുമായ എം.കെ. ആനന്ദ്. പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നതമായ വിദ്യാഭ്യാസ നിലവാരവും വ്ൃത്തിയും നല്ല കാലാവസ്ഥയുമെല്ലാം ഒത്തിണങ്ങുന്ന കേരളത്തിന് വമ്പന്‍ നിക്ഷേപങ്ങളുടെ മാത്രമല്ല വമ്പന്‍ നിക്ഷേപകരുടെ വാസഗൃഹമാകാനും കഴിയും. ഗോവയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യയിലെ കോടീശ്വരന്മാരുടെ ചോയ്‌സ്. കേരളത്തില്‍ ചെലവഴിച്ച കുട്ടിക്കാലം അദ്ദേഹം ഓര്‍മിച്ചു. അതിന്റെ തുടര്‍ച്ചയിലാണ് പില്‍ക്കാലത്ത് കളരിപ്പയറ്റു പഠിച്ചത്. കലര്‍പ്പുകള്‍ എന്നാല്‍ കീഴടങ്ങല്‍ അല്ലെന്നും ക്രിയാത്മകമായ സങ്കലനമാണെന്നും അദ്ദേഹം പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button