EducationKeralaNews

ആജീവനാന്ത പഠനം: അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമായി

ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷൺ കമലേഷ് ഡി പട്ടേൽ (ഡാജി) മുഖ്യാതിഥി

ഇന്ത്യൻ സംസ്കാരത്തെ പുകഴ്ത്തി ഐറിഷ് പ്രൊഫസർ

പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

കാലടി (തിങ്കൾ, ജനുവരി 6): “സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം – പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം” എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ദീപം തെളിയിച്ച് സമ്മേളനം തിങ്കളാഴ്‌ച (ജനുവരി 6, 2024) ഉദ്‌ഘാടനം ചെയ്തു.

പ്രശസ്ത ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷൺ കമലേഷ് ഡി പട്ടേൽ (ഡാജി) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.  ജീവിതം മുന്നോട്ടുവെക്കുന്ന ആശ്ചര്യങ്ങളെ നേരിടാൻ നിരന്തരം പഠനം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ജീവിതത്തിലെ എല്ലാ പാഠങ്ങളും ആർക്കും നമ്മെ പഠിപ്പിക്കാൻ കഴിയില്ല. ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാണ്. ആശ്ചര്യങ്ങളോട് പ്രതികരിക്കാൻ ആർക്കും നമ്മെ തയ്യാറാക്കാൻ കഴിയില്ല. സുസ്ഥിരമായ നിലനിൽപ്പിന് തുടർച്ചയായ പഠനം ആവശ്യമാണ്. സ്വയം നിരീക്ഷിക്കാനുള്ള കഴിവും സ്വന്തം ജീവിതത്തിലുള്ള താൽപ്പര്യവും ഇതിന് അനിവാര്യമാണ്,” യോഗ ഗുരു കൂടിയായ ഡാജി പറഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ “ദി പവർ ഓഫ് പാരഡോക്സ്” ചടങ്ങിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ദുബായ് സായിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് എ ബിന്‍ ഫഹദ് യുവതലമുറയ്ക്ക് അറിവ് പങ്കിടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

“അറിവിന്റേയും അനുഭവങ്ങളുടെയും സമ്പത്ത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. അറിവ് പങ്കിടൽ നമ്മെ സജീവമാക്കുകയും നമുക്ക് സംതൃപ്തി നൽകുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡ് എഎസ്ഇഎം ഹോണറബ്ള്‍ ചെയര്‍ പ്രൊഫ. സീമസ് ഓ’ ട്വാമ മുഖ്യ പ്രഭാഷണം നിർവഹിച്ചു. “യുഗങ്ങളായി ഇന്ത്യ ആജീവനാന്ത പഠനത്തിൽ മുഴുകിയിരിക്കുന്നു. ആജീവനാന്ത പഠനം എന്നാൽ യൂറോപ്യൻ ആശയങ്ങൾ ഏഷ്യയിലേക്ക് കൊണ്ടുവരികയെന്നല്ല. അത് പങ്കിടലിനെക്കുറിച്ചാണ്. കൂട്ടായി നമുക്ക് കൂടുതൽ ചലനാത്മകമായ ഒരു ആജീവനാന്ത പഠന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

എൻഐടി കാലിക്കറ്റിന്റെയും ഐഐഐടി കോട്ടയത്തിന്റെയും ഡയറക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണയും ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ആദി ശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ഡോ. എം. എസ്. മുരളി, ഡോ. ജേക്കബ് ജോർജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

ഏഷ്യാ-യൂറോപ്പ് മീറ്റിംഗ് (എഎസ്ഇഎം) ലൈഫ്‌ലോംഗ് ലേണിംഗ് ഓര്‍ഗനൈസേഷനില്‍ ഇന്ത്യ 2007 മുതല്‍ അംഗമാണെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ ഈ വിഷയത്തില്‍ ഒരു ആഗോള കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം എന്നിവയുടെ വിവിധ പശ്ചാത്തലങ്ങളില്‍ ലൈഫ്‌ലോംഗ് ലേണിംഗും സുസ്ഥിരതയും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ വിവിധ വശങ്ങളാണ് കോണ്‍ഫറന്‍സിലെ പ്രബന്ധങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വിഷയമാവുക.

ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അധ്യയനത്തിലൂടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനുള്ള നൂതന കാഴ്ചപ്പാടുകളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പണ്ഡിതശ്രേഷ്ഠര്‍, പ്രയോകര്‍ത്താക്കള്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ സ്വരൂപിക്കുക. ജനുവരി 8നു സമ്മേളനം സമാപിക്കും.

photo: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി 2025 ജനുവരി 6 ന് “സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം-പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം” എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ദാജി (കമലേഷ് ഡി. പട്ടേൽ) ഉദ്ഘാടനം ചെയ്യുന്നു. ഇടത്തുനിന്ന് വലത്തോട്ട്: ഡോ. ശാലിനി സിംഗ് (അസെം ലൈഫ് ലോങ്ങ് ലേർണിംഗ്‌ കോഓർഡിനേറ്റർ); ഡോ. സീമസ്‌ ഓടുവമ (ചെയർമാൻ, അസെം ലൈഫ് ലോങ്ങ് ലേർണിംഗ്); ഡോ. ജേക്കബ് ജോർജ് (സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ); പ്രൊഫ. പ്രസാദ് കൃഷ്ണ (ഡയറക്ടർ എൻ.ഐ.ടി, കോഴിക്കോട്); ശ്രീ. കെ. ആനന്ദ് (മാനേജിങ് ട്രസ്റ്റി, ആദി ശങ്കര ട്രസ്റ്റ്); പ്രിൻസിപ്പൽ ഡോ. എം. എസ്‌. മുരളി എന്നിവർ സമീപം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button