AmericaBusinessGlobalLatest NewsLifeStyleNewsTech

പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു.

സാൻഫ്രാൻസിസ്കോ : പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.

പ്രകടനം അടിസ്ഥാനമാക്കി ആളുകളെ ഒഴിവാക്കുന്ന നടപടികൾ കഴിഞ്ഞ ആഴ്ച മൈക്രോസോഫ്‌റ്റും തുടങ്ങിയിരുന്നു. ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുകയെന്നും കമ്പനി അറിയിച്ചു. ഡോണൾഡ് ട്രംപ് 20ന് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിനു മുന്നോടിയായി വ്യാപകമായ മാറ്റങ്ങളാണ് മെറ്റ നടത്തുന്നത്. അതിനിടയിലാണ് പിരിച്ചുവിടലും വരുന്നത്.

ട്രംപിന്റെ വിജയത്തിനു പിന്നാലെ യാഥാസ്ഥിതിക (കൺസർവേറ്റീവ്) ആശയങ്ങളോടു കൂടുതൽ അടുപ്പം കാണിക്കുന്ന സക്കർബർഗ് നിരവധി രാഷ്ട്രീയനേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്. ട്രംപുമായി അത്താഴ വിരുന്നുകളും നടത്തിയ സക്കർബർഗ് മെറ്റയുടെ പബ്ലിക് അഫയേഴ്സ് തലവനായി റിപ്പബ്ലിക്കൻ പാർട്ടിക്കാരനെയാണു നിയമിച്ചിരിക്കുന്നത്. യുഎസ് – ഫാക്ട്–ചെക്കിങ് പദ്ധതി നിർത്തുന്നതായി സക്കർബർഗ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഈ പദ്ധതിക്കെതിരെ യുഎസിൽ കൺസർവേറ്റീവുകൾ രംഗത്തുവന്നിരുന്നു. പദ്ധതി സെൻസർഷിപ് ആണെന്നാണ് ഇവരുടെ നിലപാട്.

ബുധനാഴ്ച അഭിപ്രായം പറയാൻ കമ്പനി വിസമ്മതിച്ചു, പക്ഷേ ബ്ലൂംബെർഗിന്റെ റിപ്പോർട്ടിംഗ് കൃത്യമാണെന്ന് പറഞ്ഞു.തൊഴിൽ നഷ്ടപെടുന്ന  യുഎസിലെ തൊഴിലാളികളെ ഫെബ്രുവരി 10 ന് അറിയിക്കും, മറ്റ് രാജ്യങ്ങളിലെവരെ പിന്നീട് അറിയിക്കും, ബ്ലൂംബെർഗ് പറഞ്ഞു.

-പി പി ചെറിയാൻ

Show More

Related Articles

Back to top button