ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു.
വെള്ളമിറക്കാന്‍ പോലും വയ്യാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നപ്പോഴും ഷാരോണ്‍ ഒരിക്കല്‍ പോലും ഗ്രീഷ്മയെ കൈവിട്ടില്ല. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ലെന്നും ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്ത് കൊന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം കണക്കിലാക്കാന്‍കഴിയില്ല. കുറ്റം മറയ്ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം ഫലിച്ചില്ല. കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് കൃത്യമായ ധാരണ പ്രതിക്കുണ്ടായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പ്രായം കുറവാണെന്നതും വധശിക്ഷ വിധിക്കുന്നതിന് തടസമല്ലെന്ന് വ്യക്തമാക്കിയ കോടതി, ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാക്കി. തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി വിധിച്ചു.
അതിസമര്‍ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.