ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ പ്രതീകാത്മക തിരഞ്ഞെടുപ്പ് ഇന്ന് (ബുധന്‍)
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസ്സിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിക്കുന്ന മാതൃകാ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്‍ക്ലൂസീവ് ഇലക്ഷന്‍ 2025 ഇന്ന് (ബുധന്‍) രാവിലെ 10.30ന് നടക്കും. തിരഞ്ഞെടുപ്പിന്റെ കൃത്യമായ മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇലക്ഷന്‍ നടക്കുന്നത്. ഇതിലൂടെ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരില്‍ നിന്നും പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉദ്ഘാടനം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍ ഐ.എ.എസ് നിര്‍വഹിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി മുഖ്യപ്രഭാഷണം നടത്തും. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈല തോമസ് സ്വാഗതവും ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ നന്ദിയും പറയും.
ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഭിന്നശേഷിക്കാര്‍ക്ക് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിവിധ പരിപാടികളാണ് നടന്നുവരുന്നത്. ഭിന്നശേഷിക്കുട്ടികളുടെ മൂന്ന് പ്രതീകാത്മക പാര്‍ട്ടികള്‍ രൂപീകരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 13 ഭിന്നശേഷിക്കാരാണ് മത്സരിക്കുന്നത്.