EducationKeralaLatest NewsLifeStyleSports

ടേബിള്‍ ടെന്നീസിലും ചുവടുവച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍.

തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു.  ഇന്നലെ (ബുധന്‍) നടന്ന ചടങ്ങില്‍ കായികതാരം കെ.എം ബീനാമോള്‍ ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനോടൊപ്പം ടേബിള്‍ ടെന്നീസ് കളിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കുന്നതിന് ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്.  

കായിക മേഖലയിലും ഭിന്നശേഷിക്കാര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന് അഭിമാനമാകണമെന്ന് ബീനാമോള്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു.  ഇതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബീനാമോള്‍ ആരോണ്‍ അജിത്തിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു.  സെന്ററില്‍ നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാരായ ഡോ.അഷ്‌ലി മോണിക്ക, അഭിമന്യു എന്നിവര്‍ക്കും മെമെന്റോ നല്‍കി.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു.        

കുട്ടികളുടെ കായിക പരിശീലനത്തിന് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ജിബ്രാള്‍ട്ടര്‍ സ്വദേശി ജോയല്‍ റിച്ചാര്‍ഡ് വില്യംസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കി വരികയാണ്.   ഇതിന് പുറമെ അത്‌ലെറ്റ്, ഫുട്‌ബോള്‍, ചെസ്, തായ്‌ക്കൊണ്ടോ തുടങ്ങിയ ഇനങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.  

ഫോട്ടോ അടിക്കുറിപ്പ്:  1. കായികതാരം കെ.എം ബീനാമോളും ഭിന്നശേഷിക്കാരന്‍ ആരോണും തമ്മില്‍ ടേബിള്‍ ടെന്നീസ് കളിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിക്കുന്നു.
2. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ടേബിള്‍ ടെന്നീസ് പരിശീലന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനെ കെ.എം ബീനാമോള്‍ ആദരിക്കുന്നു.  ഗോപിനാഥ് മുതുകാട്, ഡോ.അനില്‍ നായര്‍, ഡോ.ആഷ്‌ലി തുടങ്ങിയവര്‍ സമീപം.

Show More

Related Articles

Back to top button