ഫിലാഡൽഫിയയിൽ ചെറിയ വിമാനം തകർന്നു: തീപിടുത്തം, അന്വേഷണം ആരംഭിച്ചു
ഫിലാഡൽഫിയ ∙ യുഎസിൽ വീണ്ടും വിമാന അപകടം. വെള്ളിയാഴ്ച ഫിലാഡൽഫിയയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ ചെറിയ വിമാനം തകർന്നുവീണ് തീപിടുത്തമുണ്ടായി.
അപകടസമയത്ത് വിമാനത്തിൽ രണ്ട് പേരുണ്ടായിരുന്നതായി എഎഫ്‌പിയുടെയും റോയിട്ടേഴ്‌സിന്റെയും റിപ്പോർട്ടുകൾ പറയുന്നു. റൂസ്‌വെൽറ്റ് മാളിന് എതിർവശത്തുള്ള നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരുടേയും അപകടകാരണത്തിന്റെയും വിവരങ്ങൾ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വിമാനം തകർന്നതിനെ തുടർന്ന് പാർപ്പിട സമുച്ചയത്തിൽ വലിയ തീപിടിത്തം ഉണ്ടാകുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
അപകടം നടന്നത് നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ്. അപകടത്തിൽപ്പെട്ട വിമാനം പറന്നുയർന്നതാണോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോർഡും (NTSB), ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) പൂർണ്ണ അന്വേഷണം ആരംഭിച്ചു.
യുഎസിൽ നടന്ന മറ്റൊരു വിനാശകരമായ വിമാന അപകടത്തിന് പിന്നാലെയാണിത്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിന് സമീപം പാസഞ്ചർ ജെറ്റും ആർമി ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചു. അതിന് ശേഷം രാജ്യത്തെ വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഫിലാഡൽഫിയയിലെ ഈ അപകടം.
കൂടുതൽ ദുരന്തങ്ങൾ തടയാൻ കർശനമായ പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.