ഇനി ശബ്ദം ഇടറില്ല! കേരളത്തിലെ ആദ്യ എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് സെൻ്റർ വിപിഎസ് ലേക്‌ഷോറിൽ ആരംഭിച്ചു.
കൊച്ചി : ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് സെൻ്റർ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറിൽ പ്രവർത്തനം ആരംഭിച്ചു.
ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ ജ്യുവൽ മേരി സെന്ററിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനായി.
കേരളത്തിലെ ആദ്യ സമഗ്ര ചികിത്സാ കേന്ദ്രം
വോക്കൽ കോർഡിനെ ബാധിക്കുന്ന അസുഖങ്ങൾ, വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ (ഡിസ്ഫാജിയ), വിട്ടുമാറാത്ത ചുമ, എയർവേ സ്റ്റെനോസിസ്, സംസാര വൈകല്യങ്ങൾ, തൊണ്ടയിലെ കാൻസർ തുടങ്ങിയ അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സമഗ്ര പരിചരണം ആണ് ആവാസ് പ്രധാനം ചെയ്യുന്നത്. അത്യാധുനിക ഡയഗ്‌നോസ്റ്റിക് ടൂളുകൾ, നൂതന ചികിത്സാരീതികൾ എന്നിവയുടെ പിന്തുണയോടെ വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘമാണ് ഈ സെന്റർ നയിക്കുന്നത്.
വീഡിയോ സ്‌ട്രോബോസ്‌കോപ്പി, ഫൈബർ ഓപ്‌റ്റിക് എൻഡോസ്‌കോപ്പിക് ഇവാല്യൂവേഷൻ ഓഫ് സ്വാളോവിങ് (ഫീസ്) എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങൾ ഈ സെന്ററിലുണ്ട്. ഇത് കൃത്യമായ വിലയിരുത്തലും ചികിത്സ ആസൂത്രണവും ഉറപ്പുവരുത്തുന്നു. ലേസർ സർജറികൾ, വോക്കൽ ഡിസോർഡറുകൾക്കുള്ള ചികിത്സകൾ, വ്യക്തിഗത വോയിസ് തെറാപ്പി പ്രോഗ്രാമുകൾ എന്നിവയും ലഭ്യമാണ്.
“വിനോദ മേഖലയിൽ ശബ്ദത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഗായകർ, അഭിനേതാക്കൾ, പബ്ലിക് സ്പീക്കറുകൾ തുടങ്ങിയ പ്രൊഫഷണലുകൾക്കും അവരുടെ ശബ്ദത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഈ കേന്ദ്രം ഒരു ആശ്വാസമായിരിക്കും”, ഉദ്‌ഘാടനവേളയിൽ നടി ജ്യുവൽ മേരി പറഞ്ഞു.
“ലോകോത്തര ആരോഗ്യ സംരക്ഷണം കേരളത്തിൽ ഉറപ്പുവരുത്തുക എന്നതാണ് വിപിഎസ് ലേക്‌ഷോറിന്റെ ലക്ഷ്യം. ഈ സെന്ററിലെ നമ്മുടെ ടീമിന്റെ വൈദഗ്ധ്യത്തിൽ രോഗം വേരോടെ പിഴുതെറിയുന്നത് മാത്രമല്ല രോഗികൾക്ക് അവരുടെ ആത്മവിശ്വാസവും വീണ്ടെടുക്കാൻ കഴിയും”, മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
ജീവിതശൈലി ഘടകങ്ങൾ, വാർദ്ധക്യം, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, പ്രൊഫഷണൽ സ്ട്രെയിൻ എന്നിവ കാരണം ശബ്ദം, സ്വാളോവിങ് പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, അത്തരം അവസ്ഥകളുടെ ആദ്യഘട്ട രോഗനിർണയം, പുനരധിവാസം, ദീർഘകാല മാനേജ്മെൻ്റ് തുടങ്ങിയവ ഈ സെന്റർ ലക്ഷ്യമിടുന്നു.