ഹിന്ദുത്വ കോര്‍പ്പറേറ്റ് സഖ്യത്തിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത് അമിതമായ അധികാര കേന്ദ്രീകരണം: മന്ത്രി എം.ബി രാജേഷ്

കൊച്ചി: ബിജെപി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് അധികാര വികേന്ദ്രീകരണമല്ല, അധികാര കേന്ദ്രീകരണമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം. ബി. രാജേഷ്. എറണാകുളത്ത് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ‘എനിക്ക് നിങ്ങളെ രക്ഷിക്കാനായില്ല, എനിക്കൊപ്പം നടക്കൂ’ എന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിലെ സംഭാഷണ പരിപാടിയില്‍ അധികാര കേന്ദ്രീകരണവും ഗാന്ധിയന്‍ ആശയങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2014ല്‍ ആര്‍എസ്എസിന് നേരിട്ട് രാജ്യത്ത് അധികാരം ലഭിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. അതുവരെ ഏത് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിരുന്നത്. 2014ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇന്ത്യ ഏത് തരത്തിലുള്ള രാഷ്ട്രമാകണമെന്ന് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഹിന്ദുരാഷ്ട്ര പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബഹുസ്വരതയെ നിരാകരിക്കുന്ന ഏകശിലാ നിര്‍മ്മിതമായ രാഷ്ട്രസങ്കല്‍പ്പമാണ് ഗോള്‍വാള്‍ക്കര്‍ തന്റെ രണ്ട് പുസ്തകങ്ങളിലായി പറഞ്ഞത്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഇതില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രസങ്കല്‍പ്പത്തെയാണ് ഗോള്‍വാള്‍ക്കറും സംഘപരിവാറും മുന്നോട്ട് വച്ചത്.
അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ അധികാരത്തിന്റെയും ഭരണകൂട അധികാരത്തിന്റെയും കേന്ദ്രീകരണം അരക്കെട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഹിന്ദുത്വശക്തികളും മൂലധന ശക്തികളും ഒരു സഖ്യമുണ്ടാക്കി അധികാരം കയ്യടക്കിയെന്നതും 2014ലെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അത് മൂലധനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിച്ചു. ഇതോടൊപ്പം രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണവും ചേര്‍ന്ന ഭരണകൂട സംവിധാനമാണ് ഇവിടെയുള്ളത്. കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്ന അജണ്ടകളാണ് ഒരു പതിറ്റാണ്ടായി ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ആശയത്തിലൂന്നിയുള്ള ജിഎസ്ടിയാണ് കേന്ദ്രീകരണത്തിന്റെ മറ്റൊരു ഉദാഹരണം അത് കോര്‍പ്പറേറ്റ് മുതലാളിത്വത്തിന്റെ ആവശ്യമാണ്.
പാര്‍ലമെന്റിലും ഈ അധികാര കേന്ദ്രീകരണം കാണാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ലെങ്കിലും പാര്‍ലമെന്റിനെയും മന്ത്രിസഭയെയും അപ്രസക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഈ മൂന്ന് പേരിലേക്ക് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നു. പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്തിയത് പോലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും നീതിന്യായ വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തിക്കഴിഞ്ഞു. ഈ അധികാരങ്ങളെല്ലാം ഭരണകൂടത്തില്‍ കേന്ദ്രീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഒരു രാജ്യം ഒരു സിലബസ് എന്ന കേന്ദ്രീകരണമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. യുജിസിക്ക് മുകളില്‍ ഒരു എച്ച്സിഐയെ നിയമിച്ച് അധികാരം അവിടേക്ക് കേന്ദ്രീകരിക്കുന്നു.
അമിതമായ അധികാര കേന്ദ്രീകരണം ഗാന്ധിയന്‍ ദര്‍ശനത്തിന്റെ നിരാകരണമാണ്. ഗാന്ധി മുന്നോട്ട് വച്ച ആശയം വികേന്ദ്രീകരണം മാത്രമല്ല, സ്വരാജ് എന്ന ആശയം കൂടിയാണ്. അതിന്റെ അടിസ്ഥാനം ഗ്രാമങ്ങളാണ്. ആ ഗ്രമങ്ങളെ സ്വാശ്രയ റിപ്പബ്ലിക്കുകളായാണ് ഗാന്ധി അവതരിപ്പിച്ചത്. അധികാര വികേന്ദ്രീകരണത്തിലൂടെയാണ് അത് സാധ്യമാകുന്നത്. മുകളിലുള്ള ഭരണകേന്ദ്രങ്ങളുമായി തുല്യതയില്‍ അധിഷ്ഠിതമായ ബന്ധം പുലര്‍ത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ അധികാര വികേന്ദ്രീകരണത്തെ തള്ളിക്കളഞ്ഞ് പഞ്ചായത്തീരാജ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കാണുന്നത്. തദ്ദേശസ്ഥാപനങ്ങളെ നേരിട്ട് നിയന്ത്രിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനാപരമായ അനുവദിക്കേണ്ട വിഹിതത്തിന് ഫിനാന്‍സ് കമ്മിഷന്‍ നല്‍കുന്ന ശുപാര്‍ശകളെ അട്ടിമറിച്ച് കൊണ്ടിരിക്കുകയാണ്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്.
ഗാന്ധിയുടെ സ്വയംറദ്ദാക്കലുകള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ എസ്. ഗോപാലകൃഷ്ണനും പ്രഭാഷണം നടത്തി. കബീര്‍ മരിച്ചപ്പോള്‍ കബീറിന്റെ മൃതദേഹത്തിനു വേണ്ടി ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശമുന്നയിച്ചത് ഓര്‍മിപ്പിച്ചുകൊണ്ടാണ് എസ് ഗോപാലകൃഷ്ണന്‍ ഗാന്ധിജിയുടെ സ്വയം റദ്ദാക്കലുകള്‍ എന്ന പ്രഭാഷണം അവസാനിപ്പിച്ചത്. തര്‍ക്കം മൂത്ത് മൃതദേഹത്തിന്റെ മൂടുവസ്ത്രം മാറ്റി നോക്കിയപ്പോള്‍ ഏതാനും റോസാപ്പൂദളങ്ങള്‍ മാത്രം അവശേഷിച്ചിരുന്നു എന്നാണ് കഥ. ഗാന്ധിജിയുടേതായി അവശേഷിക്കുന്ന റോസാദളങ്ങളില്‍ ചിലത് ഇന്ന് കമ്യൂണിസ്റ്റുകാരും എടുക്കുന്നു എന്നതാണ് ആഹ്ലാദകരമായ വസ്തുത എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റലേഷനുകളും യാത്രാക്കുറിപ്പുകളുമുള്‍പ്പെട്ട മള്‍ട്ടി മീഡിയാ പ്രദര്‍ശനം ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും.