അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍: യുഎസ് നടപടിയെ ന്യായീകരിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി. യുഎസിന്റെ തീരുമാനം നിലവിലെ നിയമാനുസൃതമാണെന്നു വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി, എന്നാല്‍ തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം അനുവദിക്കില്ലെന്നും അതിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുമെന്നും വ്യക്തമാക്കി.
അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യക്കാരെ കൂടി തിരിച്ചയക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ കുടിയേറ്റം അംഗീകരിക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 15,756 ഇന്ത്യക്കാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി വിദേശകാര്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചിരുന്നു. യുഎസ് തിരിച്ചയച്ചവരെ കുറ്റവാളികളെപ്പോലെയോ അടിമകളെപ്പോലെയോ കൈകാര്യം ചെയ്യുന്നതിനെതിരേ ഭരണപക്ഷത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ യുഎസ് നടപടിയെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ചത്.