ഗാന്ധിയെ ഓര്‍ത്ത് വിവിധ ഗാന്ധിസ്മാരക സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍.

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായ സംവാദത്തില്‍ കേന്ദ്ര ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ രാമചന്ദ്ര രാഹി, ദേശീയ ഗാന്ധി മ്യൂസിയം ചെയര്‍മാന്‍ എ. അണ്ണാമലൈ, ഗാന്ധി സ്മാരക സമിതി കൊല്‍ക്കത്ത സെക്രട്ടറി പാപ്പരി സര്‍ക്കാര്‍, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകന്‍ ബംഗ്ലാദേശില്‍ നിന്നുള്ള രഹ നബ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളുടെ ഓര്‍മ്മകളും ഗാന്ധിയും എന്ന വിഷയത്തില്‍ എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലാണ് സംവാദം നടന്നത്.
ഗാന്ധി ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി സമരം ചെയ്തിരുന്നില്ല എങ്കില്‍ നമുക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും ലഭിക്കില്ലായിരുന്നുവെന്ന് രാമചന്ദ്ര രാഹിയാണ് പറഞ്ഞു. 1948 ജനുവരി 29ന് ഗാന്ധി എഴുതി പൂര്‍ത്തിയാക്കിയ രേഖയില്‍ നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാവിയില്‍ സൈനിക ആധിപത്യത്തിനെതിരെ സമരം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഈ രാജ്യം ഭരിക്കേണ്ടത് സൈന്യമല്ല, ജനങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നതിനാലാണ് ഗാന്ധി ജനകീയനായത്. ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പോരാളി ആയിരുന്നില്ലെന്നും മറ്റ് പലരുമായിരുന്നു യഥാര്‍ത്ഥ പോരാളികളെന്നും ഇവിടുത്തെ രാഷ്ട്രീയ അധികാരികള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴും ഗാന്ധി ജനകീയനായി തുടരുന്നത് അദ്ദേഹം ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചത് എന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമ വികസനത്തെക്കുറിച്ച് ഗാന്ധി മുന്നോട്ട് വച്ച ആശയങ്ങള്‍ ബംഗ്ലാദേശിലെ 12 ലക്ഷം ജനങ്ങള്‍ക്ക് ഇപ്പോഴും പ്രയോജനപ്പെടുന്നുണ്ടെന്ന് രഹ നബ കുമാര്‍ പറഞ്ഞു. 1896ല്‍ ചെന്നെയില്‍ ഗാന്ധി സന്ദര്‍ശിച്ച ലൈബ്രറിയില്‍ പോയ അനുഭവമാണ് അണ്ണാമലൈയ്ക്ക് പറയാനുണ്ടായിരുന്നത്. ഗാന്ധി എന്ന പേര് കേട്ടതുകൊണ്ട് മാത്രം ആ സംഘത്തിലെ ഏഴ് പേര്‍ക്കും പ്രഭാതഭക്ഷണം തയ്യാറാക്കി നല്‍കിയ ഒരു സാധാരണക്കാരനാണ് തങ്ങളെ ആ യാത്രയില്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതുക്കോട്ടയിലും ഊട്ടിയിലും സമാനസംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാനുള്ള ഏക വഴി ഗാന്ധിയുടെ ആശയങ്ങളാണെന്ന് പാപ്പരി സര്‍ക്കാര്‍ പറഞ്ഞു.
ഇന്ന് (ഫെബ്രു. 9) വൈകിട്ട് 5.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന സംഭാഷണത്തില്‍ കാര്‍ട്ടൂണിലെ ഗാന്ധി എന്ന വിഷയത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ. പി ഉണ്ണി സംസാരിക്കും. തുടര്‍ന്ന് ‘സംസ്‌കാരത്തിലെ ഗാന്ധി’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍ സംസാരിക്കും. ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശനം ഈമാസം 18 വരെ തുടരും.