AmericaAssociationsLatest NewsLifeStyle

മാപ്പ് പ്രവർത്തനോൽഘാടനം പ്രൗഢ ഗംഭീരമായി.

ഫിലഡൽഫിയ: വ്യത്യസ്തതയാർന്ന മികച്ച പ്രവർത്തന ശൈലികൊണ്ട് അമേരിക്കൻ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി നിലകൊള്ളുന്ന ഫിലഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2025 – ലെ പ്രവർത്തനോൽഘാടനം ഫെബ്രുവരി 01 -ന് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് മാപ്പ് കമ്മ്യൂണിറ്റി ഹാളിൽ, പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെൻസിൽവാനിയ സ്റ്റേറ്റിലെ ഫിലഡൽഫിയ പ്രിസൺ എച്ച് ആർ സൂപ്പർ വൈസർ മിസ്സിസ് ഐവി മാത്യൂസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ കൂടി മാത്രമേ ഏതൊരു സംഘടനയ്ക്കും ജനഹൃദയങ്ങളിൽ സ്ഥാനവും, അംഗീകാരവും ലഭിക്കുകയുള്ളൂവെന്നും, അങ്ങനെ സ്ഥാനവും അംഗീകാരവും നേടി ജനഹൃദയങ്ങളിൽ കുടിയേറിയ മികച്ച ഒരു സംഘടനയാണ് മാപ്പ് എന്ന ഈ അസ്സോസിയേഷനെന്നും, അതിനുള്ള ഉത്തമ ഉദാഹരണമാണ് ലോകത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായ രണ്ടുപേർക്ക് ഉപജീവനമാർഗ്ഗത്തിനായി രണ്ട് പുതിയ ഓട്ടോറിക്ഷാ വാങ്ങി നൽകിയതും, വിദ്യാർത്ഥിക്ക് സൈക്കിൾ വാങ്ങി നൽകിയതും, നഴ്‌സിങ് വിദ്യാർത്ഥിനികൾക്കുള്ള ട്യൂഷൻ ഫീസ് നൽകിയതും, പാമ്പാടിയിലും, അടൂരിലും അതിമനോഹരമായ ഭവനങ്ങൾ പണിയിച്ചു നൽകിയതെന്നും ഐവി മാത്യൂസ് തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

മുൻഗാമികൾ കാട്ടിത്തന്ന നല്ല മാതൃകകളെ പിൻതുടർന്നുകൊണ്ട്, കാരുണ്യ പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ നന്മമരങ്ങളായി തീരുവാനും, ലോകത്തിന് പ്രകാശം ചൊരിയുവാനും മാപ്പിന് എന്നും കഴിയട്ടെയെന്നും ഐവി മാത്യൂസ് ആശംസിച്ചു. ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്ജ്, ജോസഫ് കുരുവിള (സാജൻ), കൊച്ചുമോൻ വയലത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട ശക്തമായ പുതിയ ഭരണസമിതിയ്ക്ക്, വിപുലമായ കമ്മറ്റിയോടൊപ്പം ചേർന്ന് ഈ വർഷവും ധാരാളം നന്മ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കട്ടെയെന്നും, അതിനായി എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നതായും ഐവി മാത്യൂസ് പറഞ്ഞു.

ഫോമാ വൈസ്പ്രസിഡന്റും, മാപ്പിന്റെ അഭിമാനവുമായ ശാലു പുന്നൂസ്, ഫൊക്കാനയുടെ പെൻസിൽവാനിയ ആർ വി പി ഷാജി സാമുവൽ, ഫോമാ മിഡ് അറ്റ് ലാന്റിക്ക് റീജിയൻ ആർ വി പി പത്മരാജൻ നായർ, കാൻജ് ട്രാസ്‌റ്റീബോർഡ് മെമ്പർ, ജോസഫ് ഇടിക്കുള, ഫോമാ മിഡ്‌ അറ്റലാന്റിക്ക് റീജിയൻ യൂത്ത് സെക്രട്ടറി സാഗർ സ്റ്റാൻലി, രാജു ശങ്കരത്തിൽ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. 2024 പ്രവർത്തനങ്ങളുടെ ലഘു വിവരണം പ്രത്യേകം തയ്യാറാക്കിയ ഷോർട്ട് ഫിലിമിലൂടെ മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് സദസ്സിൽ അവതരിപ്പിക്കുകയും, 2025 ലെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

ജെയിംസ് തോമസ്, സന്തോഷ് ഫിലിപ്പ്, അനു സ്കറിയ എന്നിവർ ആലപിച്ച ഗാനങ്ങൾ ഏറെ ഹൃദ്യവും ശ്രവണ മനോഹരവുമായിരുന്നു. മറിയം പുന്നൂസ് അമേരിക്കൻ നാഷണലാന്തവും, റോസിലിൻ ഫിലിപ്പ് ഇന്ത്യൻ നാഷണലാന്തവും ആലപിച്ചുകൊണ്ട് ആരംഭിച്ച പൊതുസമ്മേളനത്തിന് അഷിത ശ്രീജിത്ത് എം സി ആയി പ്രവർത്തിച്ചു പ്രോഗ്രാം നിയന്ത്രിച്ചു. മാപ്പ് ജനറൽ സെക്രട്ടറി ലിജോ പി ജോർജ്ജ് സ്വാഗതവും, ട്രഷറാർ ജോസഫ് കുരുവിള (സാജൻ) കൃതജ്ഞതയും പറഞ്ഞു. പെപ്പർ പാലസ് റസ്റ്റോറന്റ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.

ഇവർ 2025 ലെ മാപ്പിന്റെ ശക്തരായ സാരഥികൾ:

പ്രസിഡന്റായി സ്ഥാനമേറ്റ
ബെൻസൺ വർഗീസ് പണിക്കർ:

സ്വഭാവ മഹിമകൊണ്ടും, ആരെയും ആകർഷിക്കുന്ന ലാളിത്യമാർന്ന പെരുമാറ്റ ശൈലികൊണ്ടും യുവജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ബെൻസൺ, വിദ്യാഭ്യാസ കാലം മുതൽതന്നെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച സംഘാടകനാണ്. കേരളത്തിലെ പ്രശസ്തമായ കൊച്ചിൻ കോളജിൽ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ബംഗ്ലൂരിൽ നടത്തിയ ഉപരിപഠന കാലത്ത് കോളജ് കൗൺസിലറായും, കൊച്ചിൻ ലയൺസ് ക്ലബ്ബ് മെമ്പറായും തിളക്കമാർന്ന പ്രവർത്തന മികവിൽ ശ്രദ്ധേയനായി. ഇന്ത്യൻ നേവിയുടെ ലീഡിംഗ് കേഡറ്റായി വർഷങ്ങളോളം സേവനമനുഷ്ഠിക്കുകയും, നിരവധി തവണ മേലധികാരികളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

പൂനയിലെ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബെൻസൺ അമേരിക്കയിൽ എത്തിയതിന് ശേഷം, 2004 മുതൽ മാപ്പിന്റെ സജീവ പ്രവർത്തകനായി മാറി. മാപ്പ് കമ്മറ്റി അംഗം, മുൻ സെക്രട്ടറി, ട്രഷറാർ, ജോയിന്റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ, രണ്ടു വർഷക്കാലം ബെൻസേലം സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ച് ഓഡിറ്റർ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് (INOC) പെൻസിൽവാനിയ ചാപ്റ്റർ മെമ്പർഷിപ്പ് ചെയർമാൻ, പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള ബെൻസൺ സിറ്റി ഓഫ് ഫിലഡൽഫിയാ ഗവർമെന്റ് പി. ഡബ്ള്യു. ഡി. യിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നു.

മാപ്പ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
ലിജോ പി ജോർജ്ജ്:

ഫിലഡൽഫിയ കമ്യൂണിറ്റിയിൽ ഏറെ ശ്രദ്ധേയനും, സംഘാടകമികവുകൊണ്ട് ഏവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമാണ് ലിജോ.

നാട്ടിലായിരുന്ന സമയത്ത്, പത്തനാപുരം ഇമ്മാനുവൽ മാർത്തോമാ ചർച്ച് ജോയിന്റ് സെക്രട്ടറിയായും, കോളജിൽ സ്റ്റുഡന്റസ് ലീഡർഷിപ് ക്ലാസ് ചെയർമാനായും, കലാലയ രാഷ്ട്രീയത്തിൽ എസ് എഫ് ഐ പ്രവർത്തകനായും മികച്ച പ്രവർത്തനം കാഴ്ചവച്ച ലിജോ, ബാച്ചിലേഴ്‌സ് ഇൻ ഫിസിക്കൽ തെറാപ്പി കോഴ്സ് പൂർത്തീകരിച്ചതിനു ശേഷം, അമേരിക്കയിൽ എത്തി.

ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ യുവജന സെക്രട്ടറി, ചർച്ച് സെക്രട്ടറി, വൈസ് മെൻസ് ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്, വിവിധ പരിപാടികളുടെ എം.സി, പ്രോഗ്രാം കോർഡിനേറ്റർ, കൈരളി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകൻ, ഫോമാ മിഡ് അറ്റ് ലാന്റിക്ക് റീജിയണൽ ചാരിറ്റി കോർഡിനേറ്റർ, ഇന്ത്യ പ്രസ് ക്ലബ്ബ് ഫിലഡൽഫിയ ചാപ്റ്റർ മെമ്പർ, എന്നീ നിലകളിൽ അംഗീകാരപ്രദമായ പ്രവർത്തനം കാഴ്ചവച്ചു. 2008 മുതൽ മാപ്പിന്റെ സജീവ പ്രവർത്തകനായ ലിജോ, മാപ്പ് കമ്മറ്റി മെമ്പർ, ആർട്ട്സ് ചെയർമാൻ, സ്പോർട്ട്സ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ നിരവധി തവണ സ്തുത്യർഹമായ സേവനം ചെയ്തു. കഴിഞ്ഞ ഇരുപത് വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ലിജോ, പ്രവാസി ചാനൽ ഫിലഡൽഫിയ റീജിയണൽ മാനേജർ കൂടിയാണ്.

മാപ്പ് ട്രഷറാറായി സ്ഥാനമേറ്റ
ജോസഫ് കുരുവിള (സാജൻ):

തിരുവല്ല നിരണം സ്വദേശിയായ സാജൻ, മലയാളമനോരമയുടെ അഖില കേരളാ ബാലജനസഖ്യത്തിലൂടെയും, മറ്റ് പൊതു പ്രവർത്തനങ്ങളിലൂടെയും കഴിവ് തെളിയിച്ച മികച്ച സംഘാടകനാണ്. 2000 ൽ അമേരിക്കയിൽ എത്തിയ സാജൻ, മൂന്നു വർഷക്കാലം മാർത്തോമ്മാ സഭയുടെ ഭദ്രാസന സഭാ പ്രതിനിധി മണ്ഡലമായും, ഫിലഡൽഫിയ എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ഇന്ത്യയുടെ 2024 ലെ ചാരിറ്റി ചെയർമാനായും പ്രവർത്തിച്ചു. ഈ വർഷത്തെ കമ്മറ്റി മെമ്പറുമാണ്. ഇപ്പോൾ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി മെമ്പർ ആയിട്ടും, സഭയുടെ സൗത്ത് ഈസ്റ്റ് റീജിയൻ ആക്റ്റിവിറ്റി കമ്മറ്റി ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു.

മാപ്പ് കമ്മറ്റി അംഗം, മെമ്പർഷിപ്പ് ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള വ്യക്തിയാണ്. 2024 ൽ മാപ്പിന്റെ ട്രഷറാർ ആയിരുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥതയും, ചുറുചുറുക്കുമുള്ള പ്രവർത്തനത്തെ വിലയിരുത്തിക്കൊണ്ട്, വീണ്ടും ട്രഷറാർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇരുപത് വർഷക്കാലം കാർഡോൺ ഇഡസ്‌ട്രീസ്‌ ഉദ്യോഗസ്ഥനായിരുന്ന സാജൻ, ഇപ്പോൾ ഫിലഡൽഫിയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു.

മാപ്പ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
കൊച്ചുമോൻ വയലത്ത്:

കോളജ് കാലഘട്ടത്തിത്തന്നെ സജീവ രാഷ്ട്രീയപ്രവർത്തകനായി തിളങ്ങിയ കൊച്ചുമോൻ, യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായും, തിരുവല്ല മാർത്തോമാ കോളജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, കോളജ് ജനറൽ സെക്രട്ടറി, മാർത്തോമാ കോളജ് സ്പോർട്ട്സ് സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവർത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധേയനായി.

അമേരിക്കയിൽ എത്തിയതിനു ശേഷം രണ്ടു വർഷക്കാലം ഫിലഡൽഫിയാ എക്യൂമെനിക്കൽ കൗൺസിലിന്റെ ചാരിറ്റി കോർഡിനേറ്ററായും, OICC നാഷണൽ യൂത്ത് ചെയർമാനായും, രണ്ടു വർഷക്കാലം ഫിലഡൽഫിയ മാർഷർ സ്ട്രീറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റിയായും സുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം, IOC ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

രണ്ടു വർഷക്കാലം മാപ്പ് യൂത്ത് കോർഡിനേറ്ററായും, രണ്ടുവർഷക്കാലം മാപ്പ് ചാരിറ്റി കോർഡിനേറ്ററായും, രണ്ടു വർഷക്കാലം ട്രഷറാറായും, സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവച്ച പരിചയ സമ്പന്നനായ കൊച്ചുമോൻ, ഡയാലിസിസ് സെന്ററിൽ ബയോ മെഡിക്കൽ ടെക്‌നീഷ്യനായി ജോലിചെയ്യുന്നു.

2025 ലെ മാപ്പിന്റെ മറ്റ് ഭാരവാഹികൾ:

1. ജോയിന്റ് സെക്രട്ടറി – എൽദോ വർഗീസ്

2. അക്കൗണ്ടന്റ് – ജെയിംസ് പീറ്റർ

BOT അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ

1. BOT മെമ്പർ – അനു സ്കറിയ
2. BOT മെമ്പർ – ബിനു ജോസഫ്
3. BOT മെമ്പർ – ശാലു പുന്നൂസ്
4. BOT മെമ്പർ – തോമസ് ചാണ്ടി

ചെയർ പേഴ്സൺസായി തിരഞ്ഞെടുക്കപ്പെട്ടവർ

1. ആർട്സ് ചെയർപേഴ്സൺ – അഷിത ശ്രീജിത്ത്
2. സ്പോർട്സ് ചെയർപേഴ്സൺ – സന്തോഷ് ഫിലിപ്പ്
3. യൂത്ത് ചെയർപേഴ്സൺ – സജി വർഗീസ്
4. പബ്ലിസിറ്റി ആന്റ് പുബ്ലിക്കേഷൻസ് ചെയർപേഴ്സൺ – റോജേഷ് സാം സാമുവൽ
5. എഡ്യൂക്കേഷൻ ആന്റ് ഐ റ്റി ചെയർപേഴ്സൺ – ഫെയ്‌ത് മരിയ എൽദോ
6. മാപ്പ് ഐ സി സി ചെയർപേഴ്സൺ – ഫിലിപ്പ് ജോൺ
7. ചാരിറ്റി ആന്റ് കമ്മ്യൂണിറ്റി ചെയർപേഴ്സൺ – ലിബിൻ പുന്നശ്ശേരി
8. ലൈബ്രറി ചെയർപേഴ്സൺ – ജോൺസൻ മാത്യു
9. ഫണ്ട് റേസിംഗ് ചെയർപേഴ്സൺ – ജോൺ ശാമുവേൽ
10. മെമ്പർഷിപ്പ് ചെയർപേഴ്സൺ – അലക്സ് അലക്‌സാണ്ടർ
11. വുമൺ’സ് ഫോറം ചെയർപേഴ്സൺ – ദീപ് തോമസ്

കമ്മിറ്റി മെംബേഴ്സ്

1. ഏലിയാസ് പോൾ
2. ദീപു ചെറിയാൻ
3. ജോർജ് എം കുഞ്ഞാണ്ടി
4. ജോർജ് മാത്യു
5. ലിസി തോമസ്
6. മാത്യു ജോർജ്
7. രാജു ശങ്കരത്തിൽ
8. റോയ് വർഗീസ്
9. സാബു സ്കറിയ
10. ഷാജി സാമുവൽ
11. സോബി ഇട്ടി
12. സോയ നായർ
13. സ്റ്റാൻലി ജോൺ
14. തോമസ്കുട്ടി വർഗീസ്
15. വിൻസെന്റ് ഇമ്മാനുവൽ
16. ശ്രീജിത്ത് കോമത്ത്

വാർത്ത: റോജീഷ് സാം സാമുവൽ, മാപ്പ് പി. ആർ. ഒ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button