ഇന്ത്യക്കുള്ള ചബഹാർ ഉപരോധ ഇളവ് റദ്ദാക്കാൻ അമേരിക്ക?

ന്യൂയോർക്ക്: ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യ ദശലക്ഷങ്ങൾ ചെലവഴിച്ച് വികസിപ്പിച്ച ഈ തുറമുഖം മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് നിർണായകമാണ്. എന്നാൽ, ഈ ഉപരോധം പുനഃസ്ഥാപിച്ചാൽ അത് ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രഹരമാകും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ആഴ്ച അമേരിക്കൻ സന്ദർശനത്തിനും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കും മുന്നോടിയായി ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.ഇറാന്റെ എണ്ണ കയറ്റുമതിയെ പൂർണ്ണമായും തടയാൻ ട്രംപ് പുതുക്കിയ ഉപരോധ കരാറിൽ ഒപ്പുവച്ചതാണ് ഈ തീരുമാനം അതിരൂക്ഷമാക്കുന്നത്. 2016-ൽ ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ ചേർന്ന് ത്രികക്ഷി കരാറിന്റെ ഭാഗമായി ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഇന്ത്യ വികസിപ്പിച്ചിരുന്നു.മുൻപ് ബൈഡൻ ഭരണകൂടം ഇന്ത്യക്ക് ചബഹാർ തുറമുഖ വികസനത്തിൽ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും, ട്രംപിന്റെ പുതിയ ഉത്തരവോടെ ഇത് റദ്ദ് ചെയ്യപ്പെടുന്നു. അമേരിക്കൻ നിലപാടിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.