ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ താരങ്ങളായ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരെ ആദരിച്ചു

തിരുവനന്തപുരം: ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇന്ദ്രജാലത്തിലൂടെ ബോധവത്കരണം നടത്തിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സി.പി അരവിന്ദാക്ഷന്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ദേശീയ ശാസ്ത്ര സമ്മേളനം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.കെ.കുര്യന്‍ ഐസക്, കണ്‍വീനര്‍ ഡോ.പി.പി രാജീവന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ ശാസ്ത്ര ഗവേഷണ താത്പര്യങ്ങള്‍ വളര്‍ത്തുവാനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സയന്‍ഷ്യ എന്ന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ബോധവത്കരണ ഇന്ദ്രജാലത്തിന് കുട്ടികളെ പ്രാപ്തമാക്കിയ സയന്‍ഷ്യ കോ-ഓര്‍ഡിനേറ്റര്‍മാരായ വിസ്മയ് മുതുകാട്, മഞ്ജുഷ കെ.കെ, പാര്‍വതി വിജയകുമാര്‍ എന്നിവര്‍ക്ക് മെമെന്റോ നല്‍കി. ആള്‍ദൈവങ്ങള്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങളുടെ അണിയറ രഹസ്യം വെളിപ്പെടുത്തിയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ ശാസ്ത്ര സമ്മേളനത്തില്‍ താരങ്ങളായത്.