
അബുദാബി/ദുബായ് ∙ സമുദ്ര പരിസ്ഥിതിയിലേക്കും ആരോഗ്യത്തിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് മലയാളി യുവാവ് ദുബായിൽ നഗ്നപാദനായി ഓടിയത് 115 കിലോമീറ്റർ. കണ്ണൂർ കല്യാശേരി സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരുമായ ആകാശ് നമ്പ്യാരാണ് പ്രകൃതിക്കും ആരോഗ്യത്തിനും വേണ്ടി ഓടിയത്. സമൂഹമാധ്യമങ്ങളിൽ ബെയർഫുട്ട് മല്ലു എന്ന പേരിൽ അറിയപ്പെടുന്ന ആകാശ് ഇത് മൂന്നാം തവണയാണ് യുഎഇയിൽ ഓടുന്നത്. കഴിഞ്ഞ 2 തവണ ബെംഗളൂരുവിൽനിന്ന് എത്തിയായിരുന്നു ഓട്ടമെങ്കിൽ ഇതിനിടയിൽ ഹൃദയത്തിൽ കയറിക്കൂടിയ ദുബായിൽ തന്നെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ആകാശ്. വിവിധ രാജ്യക്കാർ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും ജോലി ചെയ്യുന്നതുമായ സ്ഥലം. ഓരോരുത്തരും ഇഷ്ടപ്പെടുന്ന വിനോദങ്ങൾക്ക് അനുയോജ്യമായ സംഘങ്ങൾ ഇവിടെ ഉണ്ടെന്നതും ആകർഷണമായി.യുഎഇ-ഒമാൻ അതിർത്തിയായ ഹത്തയിൽ നിന്ന് 15ന് രാവിലെ 6.15ന് തുടങ്ങിയ ഓട്ടം ദുബായിലെ മുഷ്റിഫ് പാർക്കിൽ എത്തുമ്പോഴേക്കും 17 മണിക്കൂർ പിന്നിട്ട് രാത്രി 11.05 ആയിരുന്നു. പരിസ്ഥിതി എൻജിഒ ആയ അസ്റാഖിന്റെയും സ്റ്റാർ ബാം, തായ് കൊക്കൊ, റൈഡ് ഡോട്ട് റെന്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇത്തവണത്തെ ഓട്ടം. 10 മണിക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നഗരത്തിലെ ഗതാഗത കുരുക്കുമൂലം അൽപം വൈകിയാണ് എത്തിയത്.രാവിലത്തെ തണുപ്പിലായിരുന്നു തുടക്കം. എന്നാൽ പത്തായപ്പോഴേയ്ക്കും ചൂടിന് കാഠിന്യം കൂടിയത് അൽപം വെല്ലുവിളി സൃഷ്ടിച്ചു. ചെരുപ്പിടാതെയുള്ള ഓട്ടത്തിൽ ഒരു കാൽപാദം വീർത്തു പൊട്ടി. പിന്നീട് പ്ലാസ്റ്റർ ഒട്ടിച്ചായിരുന്നു ഓട്ടം. ഒരു കാലിലെ പരുക്കുംവച്ചുള്ള ഓട്ടം വലതുകാലിന് സമ്മർദം കൂട്ടുകയും മസിൽ പിടിക്കുകയും ചെയ്തെങ്കിലും ലക്ഷ്യത്തിലേക്കുള്ള ഓട്ടം തുടരുകയായിരുന്നു. കാലിലെ പരുക്കും ഓട്ടവും കണ്ടപ്പോൾ ട്രക്ക് ഡ്രൈവർമാർ ലിഫ്റ്റ് വാഗ്ദാനം ചെയ്തതായും ആകാശ് പറഞ്ഞു.