
തിരുവല്ല: എഴുപത്തിയേഴാമത് ജന്മ ദിനം കൊണ്ടാടുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ ശ്രീ. പി.എസ്. നായർ തിരുവല്ലാ അരമനയിൽ എത്തി പൂച്ചെണ്ടുകൾ സമ്മാനിച്ചു ജന്മ ദിനാശംസകൾ നേർന്നു. മുൻ ലോക കേരള സഭ അംഗവും, നാഷണൽ കൌൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി (NCCH) ഗ്ലോബൽ ഫോറം ചെയർമാനുമായ ജോസ് കോലത്ത് കോഴഞ്ചേരി, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച സമാപിച്ച മാരാമൺ കൺവെൻഷന് വേദിയിലിരിക്കുന്നതിനും, പ്രസംഗങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും കേൾക്കുന്നതിനും സാധിച്ചതിന്റെ ഓർമകളും ശ്രീ. പി.എസ്. നായർ പങ്ക് വെച്ചു. അയിരൂർ/ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ (കൺവെൻഷൻ) സംഘാടകരിൽ പ്രധാനിയാണ് അദ്ദേഹം.
പ്രഭാത പ്രാർത്ഥനക്കു ശേഷം കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട തിരുമേനിയെ ആശംസകൾ അറിയിക്കാൻ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, തിരുമേനിമാർ , വൈദിക ശ്രേഷ്ഠർ, സഭാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നിർവണാനന്ദ, തുടങ്ങി അനേകം വിശിഷ്ട വ്യക്തികൾ തിരുവല്ലാ പുലാത്തീനിൽ എത്തിച്ചേർന്നു. വന്ന് ചേർന്ന എല്ലാവരോടും വിനയപൂർവം മെത്രാപ്പോലീത്താ നന്ദി രേഖപ്പെടുത്തി. അനുഗ്രഹീതമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശ്രീ. പി. എസ്. നായർ പറഞ്ഞു.