
കുഞ്ഞു സ്വപ്നങ്ങൾക്ക് അതിരുകളില്ല. പക്ഷെ, യാഥാർത്ഥ്യത്തിൻ്റെ മുള്ളുകളിൽ ചിലപ്പോൾ അവയ്ക്ക് പോറലുകളേറ്റേക്കാം. കണ്ട സ്വപ്നങ്ങളിൽ പോറലേൽക്കാതെ യാഥാർത്ഥ്യത്തിൻ്റെ തിരിച്ചറിവിലേക്ക് അമ്മുവിനെ കൈപിടിച്ചു കൊണ്ടുപോകുന്ന ശ്രീജ ടീച്ചർ; ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ നല്ല അധ്യാപകരുടെ സ്ഥാനം എന്തെന്ന് കാട്ടിത്തരുകയാണ് ‘മണി പ്ലാൻ്റ്’ എന്ന ഹ്രസ്വചിത്രം. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിസ് കൈറ്റ്സ് ഒരുക്കിയ ‘മണി പ്ലാൻ്റ്’ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും വിവിധ വേഷങ്ങളിലെത്തുന്നു.

സിനിമയുടെ സാധ്യതകളും സാങ്കേതിക മേഖലയും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ചിത്രം ഒരുക്കിയതെന്ന് ‘മണി പ്ലാൻ്റിന്’ നേതൃത്വം നൽകിയ അധ്യാപിക അപ്സര പി. ഉല്ലാസ് പറഞ്ഞു. ചിത്രം ഇതിനോടകം നിരവധി പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു.

ആരുഷ് എസ് ആണ് ചിത്രത്തിൻ്റെ സംവിധാനം. ജെറീറ്റ രഞ്ജിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ റോൺ ടി. പ്രകാശ്, എഡിറ്റിംഗ് ആൽഫിൻ ജോ മാത്യു, നിർമാണം ജ്യോതിസ് പി. ഉല്ലാസ്. അധ്യാപികമാരായ അപ്സര പി. ഉല്ലാസ്, വിധു ആർ, ശ്രീജ എസ്. എന്നിവരാണ് കുട്ടികൾക്ക് പരിശീലനവും നിർദ്ദേശങ്ങളും നൽകിയത്.
അനിരുദ്ധ് ഉദയ്, ഗിരീഷ് കുമാർ ആർ, മഞ്ജു പി. നായർ, ആർ. സുരേഷ് കുമാർ, ബിനു കെ. ബി. തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.