തെലങ്കാന തുരങ്ക ദുരന്തം: രക്ഷാദൗത്യം തുടരുന്നു.

നാഗര്‍കുര്‍ണൂലില്‍ തുരങ്കം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തുരങ്കത്തില്‍ കുടുങ്ങിയ എട്ടുപേരെ രക്ഷാപ്രവര്‍ത്തകര്‍ 150 മീറ്റര്‍ ദൂരത്തിനുള്ളില്‍ സമീപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ണതീവ്രതയില്‍ മുന്നോട്ടുപോകുന്നു. തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആണ്. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങള്‍ മാറ്റുന്നതിനായി ഇ-കണ്‍വെയര്‍ ബെല്‍റ്റ് ഉപയോഗിച്ച് പ്രവര്‍ത്തനം തുടരുകയാണ്. കൂടാതെ, വെള്ളം വറ്റിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു.
തുരങ്കത്തില്‍ ഓക്സിജനും വൈദ്യുതിയും ലഭ്യമാക്കിയതായും അറിയുന്നു. എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവരാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. തകര്‍ന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രധാന വെല്ലുവിളി.
ശനിയാഴ്ച രാവിലെയായിരുന്നു ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. രണ്ട് എന്‍ജിനീയര്‍മാരും ആറ് തൊഴിലാളികളുമാണ് ഇപ്പോഴും തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്നത്.