യുഎസ്എഐഡിയിൽ വൻ പിരിച്ചുവിടൽ: 1,600 ജീവനക്കാർക്ക് സ്ഥാനം നഷ്ടം

വാഷിംഗ്ടൺ: യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിലെ (യുഎസ്എഐഡി) 1,600ലധികം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് ട്രംപ് ഭരണകൂടം ഞായറാഴ്ച പ്രഖ്യാപിച്ചു. കൂടാതെ, വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ശമ്പളത്തോടെയുള്ള അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രധാന ജീവനക്കാരുമാത്രമാണ് ജോലി തുടരുന്നത്.
പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ‘ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിങ്ങളെ ബാധിച്ചിട്ടുള്ളത്. ഇതറിയിക്കുന്നതിൽ ഖേദം’ എന്ന സന്ദേശം ലഭിച്ചവരെ ഏപ്രിൽ 24 മുതൽ ഫെഡറൽ സർവീസിൽ നിന്ന് പുറത്താക്കുമെന്നാണ് അറിയിപ്പ്.
സർക്കാരിന്റെ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ആറ് പതിറ്റാണ്ട് പഴക്കമുള്ള യുഎസ്എഐഡിയെ ഇല്ലാതാക്കലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചെലവ് ചുരുക്കൽ ഉപദേശകൻ ഇലോൺ മസ്കും ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.