AssociationsKeralaLatest News

ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റും അവാര്‍ഡ് നിശയും മാര്‍ച്ച് 8ന് കൊച്ചിയില്‍.

.ഐഎംഎ കൊച്ചിനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സംഗമം

. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന കോണ്‍ഫറന്‍സില്‍ പ്രഭാഷകരായെത്തുന്നത് രാജ്യാന്തരതലത്തിലെ 30ലേറെ പ്രമുഖര്‍

. ഹെല്‍ത്ത്കെയര്‍ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് വര്‍ണാഭമായ അവാര്‍ഡ് നിശയില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം

. ഹെല്‍ത്ത്കെയര്‍ മേഖലയിലെ 40ലേറെ കമ്പനികള്‍ പങ്കെടുക്കുന്ന എക്സ്പോ

കൊച്ചി, മാര്‍ച്ച് 3: ഐ എം എ കൊച്ചിനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സംഗമം മാര്‍ച്ച് 8ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ഹെല്‍ത്ത്കെയര്‍ സംഗമത്തോട് അനുബന്ധിച്ച് കോണ്‍ഫറന്‍സ്, എക്സ്പോ, അവാര്‍ഡ് നിശ എന്നിവ നടക്കും. രാജ്യാന്തരതലത്തിലെ പ്രമുഖരായ 30ലേറെ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പ്രഭാഷകരായെത്തും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 40 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ഹെല്‍ത്ത്കെയര്‍ രംഗത്ത് മികവ് തെളിയിച്ച വിഭിന്ന വിഭാഗങ്ങളിലുള്ള ആശുപത്രികള്‍ക്ക് എക്സലന്‍സ് പുരസ്‌കാരങ്ങളും അവാര്‍ഡ് നിശയില്‍ വെച്ച് വിതരണം ചെയ്യും.

രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് മുഖ്യാതിഥിയാകും. കോണ്‍ഫറന്‍സിന്റെ വിഷയാവതരണം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോഎന്റോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി നിര്‍വഹിക്കും. ഉദ്ഘാടന സെഷനില്‍ മേയ്ത്ര ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് (ഫിനാന്‍സ്&അക്കൗണ്ട്‌സ്്) കുനാല്‍ ഹാന്‍സ്, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്റിംഗ് സ്ഥാപനമായ ആക്‌മെ കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബി.ജി മേനോന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എക്‌സ്പോ ഉദ്ഘാടനവും നടക്കും.

അവാര്‍ഡ് നിശയില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് അംഗവുമായ ഡോ. ഗിരിധനര്‍ ഗ്യാനിയാണ് മുഖ്യാതിഥി. യുഎന്‍ ഉന്നത ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും. 

ഹെല്‍ത്ത്കെയര്‍ രംഗത്തിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമായി നടക്കുന്ന സംഗമം ഈ രംഗത്ത് വരാനിടയുള്ള പ്രവണതകളും അവസരങ്ങളും ചര്‍ച്ച ചെയ്യും. ”സംസ്ഥാനത്തെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍ക്കും നൂതന സാധ്യതകള്‍ തേടുന്ന സംരംഭകര്‍ക്കും ബിസിനസുകള്‍ക്കും ഏറെ ഉപകാപ്രദമാകുന്ന വിധത്തിലാണ് സംഗമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആശുപത്രികള്‍ എങ്ങനെ അടുത്ത തലത്തിലേക്ക് വളര്‍ത്താം, വളര്‍ച്ചയ്ക്കുവേണ്ട ഫണ്ട് എങ്ങനെ സമാഹരിക്കാം, ഹെല്‍ത്ത്കെയര്‍ രംഗത്തെ എഐ വിപ്ലവം, മെഡിക്കല്‍ ഉപകരണ മേഖലയുടെ മാറുന്ന മുഖം, മെഡിക്കല്‍ ടൂറിസം എന്നിങ്ങനെ വ്യത്യസ്തവും ഇപ്പോള്‍ ഏറെ പ്രസക്തവുമായ ഒട്ടേറെ കാര്യങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യും,” ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കി.

”അനുദിനം നൂതന സാങ്കേതികവിദ്യകള്‍ ഹെല്‍ത്ത്കെയര്‍ മേഖലയില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ത്യയിലും കേരളത്തിലും ഈ രംഗത്തെ സാധ്യതകളും വര്‍ധിച്ചുവരുന്നു. ഇപ്പോള്‍ എന്താണ് ഹെല്‍ത്ത്കെയര്‍ രംഗത്ത് നടക്കുന്നത്? കാലത്തിനൊത്ത് മാറാന്‍ ആരോഗ്യസേവനമേഖലയിലുള്ളവര്‍ എന്തൊക്കെ ചെയ്യണം? ഭാവിയില്‍ വരാനിടയുള്ള കാര്യങ്ങളെന്തൊക്കെയാണ്? ഇതൊക്കെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സംഗമം പ്രസക്തമാവുന്നത് ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ്,” ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സംഗമത്തോടനുബന്ധിച്ച് ഹെല്‍ത്ത്കെയര്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാക്ടിക്കല്‍ ആപ്ലിക്കേഷനെ അവലംബിച്ചുള്ള സമാന്തര സെഷനും നടക്കും. ബയോഫാര്‍മ, ക്ലിനിക്കല്‍ ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് സമ്പൂര്‍ണ എഐ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യാന്തര കമ്പനി തിങ്ക്ബയോ ഡോട്ട് എഐയാണ് ഈ സമാന്തര സെഷന്‍ നയിക്കുന്നത്.

*നാല് പാനല്‍ ചര്‍ച്ചകള്‍

കോണ്‍ഫറന്‍സില്‍ നാല് വ്യത്യസ്ത പാനല്‍ ചര്‍ച്ചകളാണ് നടക്കുക. സ്‌കെയിലിംഗ് ആപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് മാനേജിംഗ് ഗ്രോത്ത് എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ച നയിക്കുക ഐഎംഎ കേരള മുന്‍ പ്രസിഡന്റ് ഡോ. ജോസഫ് ബെനവെനാണ്. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഫാ. ഡോ. ബിനു കുന്നത്ത്, അപ്പോളോ ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രോഹിണി ശ്രീധര്‍, കിംസ് കേരള സര്‍ക്കിള്‍ സിഇഒയും ഡയറക്റ്ററുമായ ഫര്‍ഹാന്‍ യാസിന്‍, എസ് യു ടി ഹോസ്പിറ്റല്‍ സിഇഒ കേണല്‍ രാജീവ് മണ്ണാളി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.

ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് മെഡിക്കല്‍ ടെക്നോളജി ആന്‍ഡ് ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പാനല്‍ ചര്‍ച്ച കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം സ്പെഷല്‍ ഓഫീസര്‍ സി പത്മകുമാര്‍ നയിക്കും. അഗാപ്പെ ഡയഗണോസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍, ഐഎംഎ കൊച്ചിന്‍ നിര്‍ദിഷ്ട പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഫണ്ടിംഗ് ഫോര്‍ ഗ്രോത്ത് എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററാകുന്നത് ഹുറൂണ്‍ ഇന്ത്യയുടെയും കാലപിനയുടെയും മാനേജിംഗ് ഡയറക്റ്റര്‍ അനസ് റഹ്‌മാന്‍ ജുനൈദാണ്. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പി.വി ജോയ്, ഐഐഎംഎല്‍ 

സെക്യൂരിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. റിജോയ് മാഞ്ഞൂരാന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഡോ. വിനീത് ഏബ്രഹാം, ഹീല്‍ മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ മാമ്മന്‍ എന്നിവര്‍ പങ്കെടുക്കും.

മെയ്ക്കിംഗ് ഹെല്‍ത്ത്കെയര്‍ അഫോര്‍ഡബ്ള്‍ എന്നതാണ് മറ്റൊരു പാനല്‍ ചര്‍ച്ചയുടെ വിഷയം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡയറക്റ്ററുമായ ഡോ. പി.കെ ജമീലയാണ് പാനല്‍ ചെയര്‍. മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്റ്ററും സെന്റര്‍ ഓഫ് ഗ്യാസ്ട്രോസയന്‍സസ് സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിജോ വി ചെറിയാന്‍, സൈറിക്സ് ഹെല്‍ത്ത്കെയര്‍ സഹസ്ഥാപകനും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ അജിത് കുമാര്‍, ആക്‌മെ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് പ്രതിനിധി തുടങ്ങിവര്‍ ഈ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.

ഹെല്‍ത്ത്‌കെയര്‍ രംഗം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ അധികരിച്ച് വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ പ്രഭാഷണങ്ങള്‍ നടത്തും. ആന്ധ്രപ്രദേശ് മെഡിക്കല്‍ ടെക്ക് സോണ്‍ സ്ഥാപക സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ജിതേന്ദ്ര ശര്‍മ, കിംസ്‌ഹെല്‍ത്ത് സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. എം.ഐ സഹദ്ദുള്ള, അല്‍ഗൊരിതം ഹെല്‍ത്തിന്റെ സ്ഥാപകന്‍ ഡോ. സുമന്ത് രാമന്‍, യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഡോക്ടര്‍ സംഘാംഗം ഡോ. തെക്കേടത്ത് മാത്യു, ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്റിംഗ് കമ്പനിയായ ആക്മെയുടെ എംഡി ബി.ജി മേനോന്‍, ഐഐഎസ്സി മെഡിക്കല്‍ സ്‌കൂള്‍ ഫൗണ്ടേഷന്‍ സിഇഒ ഡോ. ഉമ നമ്പ്യാര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്റോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി തുടങ്ങി ഒട്ടേറെ വിദഗ്ധര്‍ പ്രഭാഷകരായെത്തും.

* അവാര്‍ഡ് നിശ

സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ രംഗം സാക്ഷ്യംവഹിക്കുന്ന ഏറ്റവും പ്രൗഢവും വര്‍ണാഭവുമായ അവാര്‍ഡ് നിശയാകും ഹെല്‍ത്ത്‌കെയര്‍ സമ്മിനറ്റിനോട് അനുബന്ധിച്ച് അരങ്ങേറുക. 100 കിടക്കകള്‍ വരെയുള്ള ആശുപത്രികള്‍, അതില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക. വളരെ പ്രൊഫഷണലായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, കെജിഎംഒഎ മുന്‍ സംസ്ഥാന പ്രസിഡന്റും ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്റ്ററുമായ ഡോ. എം ഐ ജുനൈദ് റഹ്്മാന്‍, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്റ്ററുമായ മരിയ ഏബ്രഹാം എന്നിവര്‍ സംബന്ധിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button