AmericaLatest NewsNewsOther CountriesPolitics

യുഎസിലെ ഗ്രീൻ കാർഡ് അപേക്ഷയ്ക്ക് കർശനനിയന്ത്രണങ്ങൾ; സമൂഹമാധ്യമ നിരീക്ഷണവും വരുന്നു

ന്യൂയോർക്ക് ∙ യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള പദ്ധതി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി മേയ് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. എങ്കിലും, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇപ്പോൾ ഗ്രീൻ കാർഡിനുള്ള നിബന്ധനകൾ കൂടി കർശനമാക്കാൻ ഒരുങ്ങുകയാണ്. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തേ പങ്കിട്ട വിവാദപരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതാണ് ഉചിതമെന്ന് അവരിടുന്ന സൂചന.

ഇനി മുതൽ സമൂഹമാധ്യമ അക്കൗണ്ടുകളിലെ വിവരങ്ങൾ ഗ്രീൻ കാർഡിന് നൽകുന്ന അപേക്ഷകളിലെ വിവരങ്ങളുമായി പൊരുത്തപ്പെടണമെന്നത് നിർബന്ധമായേക്കും. ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേട് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. പൗരത്വം, അഭയം, ഗ്രീൻ കാർഡ് എന്നിവയ്ക്കുള്ള അപേക്ഷാ ഫോമിൽ അപേക്ഷകൻ നൽകിയിരിക്കുന്ന അക്കൗണ്ടുകൾക്കു പുറമേ മറ്റ് അക്കൗണ്ടുകൾ ഉണ്ടോയെന്നും അധികൃതർ പരിശോധിച്ചേക്കും. അതിനാൽ കൃത്യമായ വിവരങ്ങൾ മാത്രം അപേക്ഷയിൽ ഉൾപ്പെടുത്തണമെന്നും അനാവശ്യമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി സാമൂഹികമാധ്യമ പ്രവർത്തനം സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

Show More

Related Articles

Back to top button