വിമാനത്താവളത്തിൽ വീണു പരുക്കേറ്റ വയോധികയ്ക്ക് ചികിത്സാ അനാസ്ഥ; എയർ ഇന്ത്യക്കെതിരെ പരാതി

ന്യൂഡൽഹിയിൽ എയർ ഇന്ത്യയുടെ സേവനപ്പിഴവ് മൂലം 82 വയസ്സുള്ള പസ്രിച രാജ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മാർച്ച് 4-നാണ് ദാരുണ സംഭവം നടന്നത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ടെർമിനൽ 3-ലേക്ക് പോകുന്നതിനിടെ, മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ ലഭിക്കാതെ വന്നതോടെ വയോധികക്ക് നടന്നുപോകേണ്ടി വന്നു. അല്പസമയം നടന്നതിന് ശേഷം എയർ ഇന്ത്യയുടെ പ്രീമിയം കൗണ്ടറിനു സമീപം അവർ തലകീഴായി വീഴുകയായിരുന്നു.
വീൽചെയറിനായി ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെത്തുടർന്ന് മുത്തശ്ശി നടക്കാൻ തീരുമാനിച്ചതായിരുന്നുവെന്ന് ചെറുമകൾ പരുള്‍ കൻവാർ പറഞ്ഞു. ദുർഭാഗ്യവശാൽ, ഇവർ മുഖം ഇടിച്ച് വീണ് പരുക്കേറ്റതോടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തി. അതിനാൽ അവരെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പസ്രിച രാജ്.
വീണതിനു ശേഷം മാത്രമേ ഇവർക്ക് വീൽചെയർ നൽകാനായുള്ളുവെന്നും, ഗുരുതരമായി പരുക്കേറ്റിട്ടും വിമാനത്താവള അധികൃതർ മതിയായ വൈദ്യസഹായം നൽകാൻ തയ്യാറായില്ലെന്നും പരുള്‍ ആരോപിച്ചു. ‘‘മനുഷ്യജീവിതത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത അവസ്ഥയാണ് ഞാൻ കണ്ടത്. എന്റെ മുത്തശ്ശിയോട് എയർ ഇന്ത്യ കൊടുത്തുമാറ്റം കാണിച്ച രീതിയിലും അവഗണനയിലും ഞെട്ടിപ്പോയി. ഒരിക്കലും മറക്കാനാവാത്ത അനുഭവം’’ – എന്നായിരുന്നു വാക്കുകൾ.
വിമാനത്തിൽ കയറ്റുന്നതിനുമുമ്പ് മുറിവിൽ പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ല. മൂക്കിനും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റതോടെ ജീവനക്കാർ വെറും ഐസ് കട്ട നൽകി വേദന ശമിപ്പിക്കാൻ ശ്രമിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ വിവരം അറിയിച്ചെങ്കിലും, ലാൻഡിങ്ങിനു ശേഷമേ വൈദ്യസഹായം ലഭിക്കാനായുള്ളൂ. തുടർന്ന്, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസമായി പസ്രിച രാജ് തീവ്രപരിചരണ വിഭാഗത്തിലാണ്. ശരീരത്തിന്റെ ഇടത് ഭാഗത്തെ ബലം കുറഞ്ഞുവരികയാണെന്നും ആശങ്കാജനകമായ അവസ്ഥയിലാണെന്നും കുടുംബം അറിയിച്ചു. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യക്കും വ്യോമയാന മന്ത്രാലയ ഡയറക്ടർക്കും പരാതി നൽകിയിരിക്കുകയാണ്. അന്വേഷണം നടത്തുമെന്നും കുടുംബവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.