ഇന്ത്യൻ വിദ്യാർത്ഥിനി കാണാതായി; മരിച്ചെന്ന് പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കളുടെ ആവശ്യം

ന്യൂയോർക്ക് ∙ ദുരൂഹ സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി (20) മരിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അമേരിക്കയിലെ സ്ഥിരതാമസക്കാരിയും ഇന്ത്യൻ പൗരത്വമുള്ളവളുമായ സുദിക്ഷ മാർച്ച് 6ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോർട്ടിലാണ് അവസാനമായി കണ്ടത്. ബീച്ചിൽ എത്തിയ ശേഷമാണ് പെൺകുട്ടി അപ്രത്യക്ഷമായത്
കടലിലും കരയിലും നടത്തിയ തിരച്ചിലിനൊടുവിലും സുദിക്ഷയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ബീച്ചിൽ വീണു മരിച്ചിരിക്കാമെന്നു ചില റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുഎസ് അന്വേഷണ ഏജൻസികളും കരീബിയൻ രാജ്യത്തെ അധികാരികളുമായി ചേർന്ന് അന്വേഷണം തുടരുകയാണ്
ഈ സാഹചര്യത്തിൽ, സുദിക്ഷ മരിച്ചെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിന് കത്ത് നൽകിയതായി ഡൊമിനിക്കൻ റിപ്പബ്ലിക് നാഷണൽ പൊലീസ് വക്താവ് ഡീഗോ പെസ്‌ക്വീര ചൊവ്വാഴ്ച വെളിപ്പെടുത്തിയതായി NBC ന്യൂസ് റിപ്പോർട്ട് ചെയ്തു.