സുനിത വില്യംസിനെയും ക്രൂ-9 സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: നീണ്ട ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. എക്‌സിൽ സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, “സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
“അവർ നിശ്ചയദാർഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്‌നത്തിന്റേയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 സംഘവും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. അവരുടെ സുരക്ഷിത തിരിച്ചുവരവ് ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി കുറിച്ചു.
സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കത്ത് അയച്ചിരുന്നു. മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്‌സിൽ പങ്കുവെച്ചിരുന്നു. “രാജ്യത്തിന്റെ അഭിമാന നിമിഷമാണിത്. സുനിതയ്ക്കും ബുച്ചിനും (വില്യംസിനൊപ്പം യാത്ര ചെയ്ത ബുട് ബെൻകൻ) ആശംസകൾ. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകഴ്പെറ്റ പുത്രിമാരിൽ ഒരാൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സന്തോഷകരമായിരിക്കും,” മോദി കത്തിൽ പറഞ്ഞു.