അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പൂട്ടാൻ ട്രംപ്; എക്‌സിക്യൂട്ടീവ് ഉത്തരവിന് തയ്യാറെടുപ്പ്

വാഷിംഗ്ടൺ: അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിനെ (ഡിപ്പാർട്ട്‌മെന്റ് ഓഫ് എജുക്കേഷൻ) പൂട്ടാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ലക്ഷ്യത്തോടെ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട്. ഇതിലൂടെ, ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമം ആകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, നിയമനിർമ്മാണത്തിലൂടെയേ ഒരു ഫെഡറൽ ഏജൻസിയെ പൂട്ടാൻ കഴിയൂ. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷമുണ്ടെങ്കിലും, കാബിനറ്റ് തല ഏജൻസിയെ പൂട്ടാനുള്ള ബില്ലിനായി 60 വോട്ടുകളുടെ പിന്തുണ അനിവാര്യമാണ്. ഇതിന് ഏഴ് ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കണമെന്നതാണ് ട്രംപിന്‍റെ പ്രധാന വെല്ലുവിളി.
മുന്പ്, ട്രംപും ഉപദേശകനായ ഇലോൺ മസ്‌കും കോൺഗ്രസിന്റെ അനുമതിയില്ലാതെ സർക്കാർ പരിപാടികളും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും പൂട്ടാൻ ശ്രമം നടത്തിയിരുന്നു.