Latest NewsOther CountriesTravel

ഹീത്രൂ വിമാനത്താവളത്തില്‍ തീപിടുത്തം; മാര്‍ച്ച് 21 വരെ വിമാനങ്ങള്‍ നിര്‍ത്തിവെക്കും

ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം പ്രവർത്തനം നിര്‍ത്തിവയ്ക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഹെയ്സിലെ നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതിന് പിന്നാലെ 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 150-ലധികം പേരെ ഒഴിപ്പിച്ചുവെന്നാണു ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകള്‍ക്ക് കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന് ഹീത്രൂ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സബ്‌സ്റ്റേഷനിലെ തകരാറിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിനാല്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടി വന്നതായി അധികൃതര്‍ അറിയിച്ചു.

സാഹചര്യം പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും യാത്രക്കാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് എയര്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

Show More

Related Articles

Back to top button