കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു: പ്രതി കസ്റ്റഡിയിൽ

കണ്ണൂർ: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷ് ക്രിമിനൽ കൃത്യത്തിന് മുമ്പും ശേഷവും ഫെയ്സ്ബുക്കിൽ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയാണ് കൊലപാതകം നടന്നത്.
രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ചാണ് പ്രതി പെരുമ്പടവം സ്വദേശി സന്തോഷ് ഇയാളെ വെടിവെച്ചത്. സ്ഥലത്തെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തികച്ചും ആസൂത്രിതമായ കൊലപാതകമാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വ്യക്തിപരമായ തർക്കമാണ് ക്രിമിനൽ നടപടിയിലേക്ക് നയിച്ചതെന്നാണു സൂചന. സംഭവത്തിന് മുൻപ് വൈകിട്ട് 4.23ന് തോക്കേന്തിയ ചിത്രത്തോടൊപ്പം ഭീഷണി സന്ദേശം സന്തോഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നതാണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു സന്ദേശം.
വെടിവെച്ചതിന് ശേഷം വൈകിട്ട് 7.27ന് ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്… എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷെ എന്റെ പെണ്ണ്… നിനക്ക് മാപ്പില്ല’ എന്ന മറ്റൊരു പോസ്റ്റും ഇയാൾ പങ്കുവെച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചത് നാട്ടൻ തോക്കായിരുന്നുവെന്നും ഇതിന് ലൈസൻസ് ഉണ്ടോയെന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.