പലസ്തീന്‍ അനുകൂല പ്രതിഷേധം: കോര്‍ണല്‍ വിദ്യാര്‍ത്ഥിയോട് കീഴടങ്ങാന്‍ യുഎസ് ഇമിഗ്രേഷന്‍ ഉത്തരവ്.

വാഷിംഗ്ടണ്‍: പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി മൊമോദു താലിനെ സ്വയം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍. ഇമെയില്‍ മുഖേന അയച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
താലിന്റെ അഭിഭാഷകര്‍ ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിഷയത്തെ സംസാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമെന്നായി അവര്‍ വിലയിരുത്തുന്നു. താലിന്റെ നാടുകടത്തല്‍ തടയാന്‍ നിയമപോരാട്ടം തുടരുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
താലിന്റെ അഭിഭാഷകര്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ നടപടി നാടുകടത്തല്‍ പ്രക്രിയയിലെ ആദ്യഘട്ടമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെയും ഗാംബിയയിലെയും ഇരട്ട പൗരത്വമുള്ള താല്‍ ഗാസയില്‍ നടക്കുന്ന യുദ്ധത്തിനെതിരെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ സജീവമായിരുന്നു.
അതേസമയം, വിദേശ വിദ്യാര്‍ത്ഥികളടക്കമുള്ള പലസ്തീന്‍ അനുകൂലരെ നാടുകടത്താന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നടപടികള്‍ വേഗത്തിലായിരിക്കുന്നത്. ഇസ്രായേലിനെതിരായ വിമര്‍ശനം ഭരണകൂടം തെറ്റായി കാണുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പലസ്തീന്‍ അനുകൂല നിലപാടുകളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസ് ഭരണകൂടം മറ്റ് വിദേശികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ മഹ്‌മൂദ് ഖലീലിനെയും ജോര്‍ജ്ജ്‌ടൗണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി ബദര്‍ ഖാന്‍ സൂരിയെയും ഈ മാസം യുഎസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.