അഞ്ച് ലക്ഷത്തിലേറെ ആളുകളെ നാടുകടത്താന്‍ യുഎസ്; പുതിയ നീക്കവുമായി ട്രംപ്

വാഷിംഗ്ടണ്‍: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരെ ഒരു മാസത്തിനുള്ളില്‍ നാടുകടത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വേ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കായി നൽകിയ താത്കാലിക നിയമ പരിരക്ഷ റദ്ദാക്കിയാണ് പുതിയ നടപടികൾക്ക് വഴിയൊരുക്കുന്നത്.
2022 ഒക്ടോബറിന് ശേഷം യുഎസിലെത്തിയ ഈ രാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് നേരത്തെ രണ്ടുവര്‍ഷത്തെ താമസ, തൊഴിൽ അനുമതി ലഭിച്ചിരുന്നതിനാൽ ഇപ്പോഴത്തെ നടപടി വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഏകദേശം 5,32,000 പേരെ ഇതിന്റെ പ്രഭാവം ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏപ്രില്‍ 24 അല്ലെങ്കിൽ ഫെഡറല്‍ രജിസ്റ്ററില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതിന് 30 ദിവസത്തിന് ശേഷമാണ് ഇവരുടെ നിയമപരമായ പരിരക്ഷ നഷ്ടമാവുകയെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി.
അതേസമയം, യുഎസിന്റെ പുതിയ കുടിയേറ്റ നയം ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിനെയും ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ താൽക്കാലികമായി അനുവദിക്കാറുണ്ടെങ്കിലും, അതിന്റെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.