അമേരിക്കൻ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വൻ മാറ്റം; പൗരത്വരേഖ നിർബന്ധമാക്കും, തപാൽവോട്ട് നിയന്ത്രിക്കും

ന്യൂയോർക്ക് ∙ യുഎസ് തിരഞ്ഞെടുപ്പു സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കി. വോട്ടർമാർക്ക് പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുകയും തപാൽവോട്ടുകൾ തിരഞ്ഞെടുപ്പ് ദിനംതന്നെ ലഭ്യമാകണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർ തട്ടിപ്പു തടയാനാണ് നടപടിയെന്നു വിശദീകരിച്ചെങ്കിലും കോൺഗ്രസ്സിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ മുന്നോട്ടുവച്ച ‘സേവ് നിയമം’ പിന്തള്ളി പ്രസിഡന്റിന്റെ ഉത്തരവ് വന്നതോടെ രാഷ്ട്രീയവട്ടത്തിൽ വലിയ വിവാദം ഉയര്‍ന്നിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
- ഫെഡറൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവർക്കു പൗരത്വ രേഖ നിർബന്ധമാകും. 2023ലെ കണക്ക് പ്രകാരം 9% വോട്ടർമാർക്കു ഇതുമില്ല.
- വോട്ടർ പട്ടികയും തിരഞ്ഞെടുപ്പ് രേഖകളും ഫെഡറൽ ഏജൻസികൾക്ക് കൈമാറണം. യുഎസ് പൗരരല്ലാത്തവർ പട്ടികയിലുണ്ടെങ്കിൽ സംസ്ഥാനങ്ങളെ അറിയിക്കും.
- എല്ലാ വോട്ടും തിരഞ്ഞെടുപ്പ് ദിനംതന്നെ ചെയ്യണം. അതേദിവസം ലഭിച്ച തപാൽവോട്ടുകൾ മാത്രമേ പരിഗണിക്കൂ. നിയമം ലംഘിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫെഡറൽ ധനസഹായം നിഷേധിക്കും.
- വിദേശികൾ തിരഞ്ഞെടുപ്പ് സംഭാവന നൽകുന്നത് നിരോധിച്ചു.
- വോട്ടെണ്ണലിനായി ബാർകോഡോ ക്യുആർ കോഡോ ഉപയോഗിക്കരുത്.
ട്രംപ് ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ രാജ്യങ്ങളിൽ തിരിച്ചറിയൽ രേഖയുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ യുഎസിൽ ഇപ്പോൾ വോട്ടർമാർക്ക് സ്വയം സാക്ഷ്യപ്പെടുത്തലുമാത്രമേ ആവശ്യമായുള്ളൂ. ഈ നിലപാട് മാറ്റണമെന്നാണ് പുതിയ നിർദ്ദേശം.
2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റതുമുതൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണം ട്രംപ് ഉയർത്തിയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പു ചട്ടം മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും ട്രംപിന്റെ നടപടിയിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നുമാണ് ഡെമോക്രാറ്റുകളുടെ നിലപാട്. ഉത്തരവ് കോടതി വെല്ലുവിളിയാകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.