
ഡാലസ്∙ മലയാള സിനിമയുടെ ചരിത്രത്തിൽ അതിമനോഹരമായ ഒരു മുഹൂർത്തമായി ഡാലസിലെ ലൂയിസ്‌വില്ല് സിനിമാർക്ക് കോംപ്ലക്സ്. മോഹൻലാലിന്റെ എമ്പുരാൻ റിലീസ് ചെയ്ത ദിവസം, ഈ തീയറ്റർ പരിസരം ഒരു കൊച്ചു കേരളമാക്കുകയായിരുന്നു. കേരളത്തിൽ മാത്രം അനുഭവപെടുന്ന അതിരുകടന്ന ആവേശത്തോടെയുള്ള ഒരു സിനിമ റിലീസിന്റെ ദൃശ്യങ്ങൾ തന്നെ ഡാലസിൽ പുനരാവിഷ്കരിച്ചു.
ലൂയിസ്‌വിൽ സിനിമാർക്ക് തീയറ്റർ കോംപ്ലെക്സിലെ 14 സ്ക്രീനുകളിൽ 13 തീയറ്ററുകളിലും ഒരേ സമയം ആദ്യ പ്രദർശനം നടത്തിയാണ് എമ്പുരാന്റെ വരവേൽപ്പിന് ആദരവ് അർപ്പിച്ചത്. ഈ അതിപ്രശസ്തമായ ഫാൻസ് ഷോയുടെ നേതൃത്വം യുവതൃഡ് ഓഫ് ഡാലസ് ഏറ്റെടുത്തതോടെ, ആദ്യ ദിനം തന്നെ നാല് തീയറ്ററുകളിലെ ടിക്കറ്റുകൾ മുഴുവനായും വിറ്റു തീർന്നു.
സിനിമ പ്രദർശനം മാത്രം അല്ല, ഉത്സവ പരിസരമൊരുക്കിയാണ് തീയറ്ററുകൾക്ക് ചുറ്റുമുള്ള അന്തരീക്ഷം. കേരളത്തിലെ മെഗാ സൂപ്പർഹിറ്റ് സിനിമകളുടെ റിലീസിനോടനുബന്ധിച്ചുണ്ടാകുന്ന ആവേശത്തിന്റെ നേർക്കാഴ്ചയായി, ചെണ്ടമേളത്തിന്റെ ഗംഭീര താളങ്ങളും, ആരാധകരുടെ ആരവങ്ങളും ചേർന്ന് തീയറ്റർ പരിസരം ഉത്സവപ്രതീതിയിലാക്കുകയായിരുന്നു.
മോഹൻലാലിന്റെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകർ അതിന് മുന്നിൽ ആവേശത്തിന്റെയും അഭിമാനത്തിന്റെയും ഫോട്ടോകളെടുക്കാൻ തിരക്കിലായി. കറുത്ത ഷർട്ടും കറുത്ത മുണ്ടുമണിഞ്ഞ്, “എമ്പുരാൻ” പ്രിന്റ് ചെയ്ത ടീഷർട്ടണിഞ്ഞ് എത്തിയ ആരാധകരുടെ കൂട്ടായ്മ ഗംഭീര ദൃശ്യമൊരുക്കി.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ്, ഡാലസിലെ മലയാളി വിദ്യാർഥി കൂട്ടായ്മ ഒരുക്കിയ ഫ്ലാഷ് മോബും, വിവിധ മലയാളി കൂട്ടായ്മകളുടെ നൃത്തങ്ങളും ഗാനമേളകളും ഫാൻസ് ഷോയുടെ ആകർഷണമായി. ഡാലസിലെ അതിപ്രശസ്തമായ ആട്ടം ഓഫ് ഡാലസ് ചെണ്ടമേളം തകർപ്പൻ ആകുമ്പോൾ, സിറ്റിയിലെ ചുറ്റുപാടുകൾക്ക് പുതുമയേറുകയായിരുന്നു.
ഈ അതിരുകടന്ന ആഘോഷങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ടായിരുന്നു കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക്, പ്രൊ ടെം മേയർ റിച്ചാർഡ് ഫ്ലെമിംഗ് എന്നിവരുടെ സാന്നിധ്യം. അവർ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും, ഈ അപൂർവമായ സിനിമാ ആഘോഷത്തിന്റെ ഭാഗമാകാൻ അഭിമാനിക്കുകയും ചെയ്തു.
മോഹൻലാൽ ഫാൻസ് ഒരുക്കിയ ആദ്യ ഷോയുടെ വിജയത്തിന് പിന്നിൽ നിരവധി പേരുടെ അദ്ധ്വാനമുണ്ട്. ജയ് മോഹൻ, ജിജി പി സ്കറിയ, ബിജോയ് ബാബു, ടിന്റു ധൊറെ, ടോം ജോർജ്, തോമസ്കുട്ടി ഇടിക്കുള, ഫിലിപ്‌സൺ ജയിംസ്, ടിജോ ചങ്ങങ്കരി, ഷിനോദ് ചെറിയാൻ, ജെയിംസ്, ജോബിൻ, ലിജോ, ടിജോ തോമസ്, ദീപക് ജോർജ്, കെവിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ഓഫ് ഡാലസ് ടീമിന്റെ കഠിന പരിശ്രമം അർഹമായ പ്രശംസ നേടി.
അമേരിക്കയിലുടനീളം ഏകദേശം 200 ഓളം തീയറ്ററുകളിലാണ് എമ്പുരാൻ പ്രദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ, മലയാള സിനിമയുടെ ലോകവ്യാപക സ്വാധീനത്തിന്റെ തെളിവായി എമ്പുരാൻ മാറി. ഈ അതുല്യമായ ദിനം ഡാലസിലെ മലയാളി സിനിമാസ്വാദകരുടെ മനസ്സിൽ എന്നെന്നേക്കുമായി ഒരിക്കലും മറക്കാനാകാത്ത ഓർമ്മയായിരിക്കും.