EducationKeralaLatest News

തുല്യതയുടെ സംഗീതം; മാതൃകയായി ഗേള്‍സ് ബാന്‍ഡിന്റെ സംഗീതപരിപാടി

തിരുവനന്തപുരം: താളമേളങ്ങളുടെയും വായ്പ്പാട്ടുകളുടെയും അകമ്പടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കേരളത്തിലെ ആദ്യ ഗേള്‍സ് മ്യൂസിക് ബാന്‍ഡും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി സാമൂഹ്യഉള്‍ച്ചേര്‍ക്കലിന്റെ മാതൃകാപരമായ അരങ്ങേറ്റമായി. വാത്സല്യവും സൗഹൃദവും സ്‌നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി.   കോഴിക്കോട് സ്വദേശികളായ 6 വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്‍കുന്ന സംഗീത ബാന്‍ഡിന്റെ പരിപാടിയില്‍ ഭിന്നശേഷിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച സ്വീകാര്യത തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.  സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുതുകാട് മെമെന്റോ നല്‍കി ആദരിച്ചു.  ഡി.എ.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ നന്ദി പറഞ്ഞു.  


മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി നടന്ന പരിപാടി ഏവരുടെയും മനം കവര്‍ന്നു.  കോഴിക്കോട് സ്വദേശികളായ ദീപ്ത, ശിവാനി, വൈഷ്ണവി, ആര്‍ദ്ര, മീഹ, ഉണ്ണിമായ എന്നിവര്‍ക്കൊപ്പം സെന്ററിലെ നിരവധി ഭിന്നശേഷിക്കാര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് ലഭിച്ചത് സംഗീതവിരുന്ന് തന്നെയായിരുന്നു. 2024ല്‍ ആരംഭിച്ച ബാന്‍ഡ് ഡോറേമി മ്യൂസിക് സ്‌കൂളിലെ ആനന്ദ്.എസ് കാന്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്.

Show More

Related Articles

Back to top button