
ഫ്ലോറിഡ: ഫ്ലോറിഡയിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാൻ നിയമസഭാംഗങ്ങൾ ഒരുമിക്കുന്നു. വേഗപരിധിയിൽ നിന്ന് 50 മൈൽ അല്ലെങ്കിൽ അതിലധികം വേഗതയിൽ വാഹനം ഓടിക്കുന്നവരെ ലക്ഷ്യമിട്ട് ഫ്ലോറിഡ സെനറ്റ് ബിൽ 1782 അവതരിപ്പിച്ചിരിക്കുകയാണ്. ഈ നിയമം നടപ്പിലാകുമ്പോൾ, ആദ്യ തവണ കുറ്റം ചെയ്താൽ 2,500 ഡോളർ പിഴയും ആറ് മാസത്തെ ലൈസൻസ് സസ്പെൻഷനും 30 ദിവസത്തെ വാഹന കണ്ടുകെട്ടലും വിധിക്കപ്പെടും. രണ്ടാമത്തെ തവണ കുറ്റം ചെയ്താൽ 5,000 ഡോളർ പിഴയും 30 ദിവസത്തെ വാഹന കണ്ടുകെട്ടലും ഒരു വർഷത്തെ ലൈസൻസ് സസ്പെൻഷനും അനുഭവിക്കേണ്ടിവരും.
ഓറഞ്ച് കൗണ്ടി ഷെരീഫ് ജോൺ മെന ഈ ബില്ലിനെ ശക്തമായി പിന്തുണക്കുന്നു. ജനുവരിയിൽ 100 മൈൽ അല്ലെങ്കിൽ അതിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിച്ച 101 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി ഡെപ്യൂട്ടിമാർ റിപ്പോർട്ട് ചെയ്തു. അതേസമയം, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ എണ്ണം 29 ആയിരുന്നു.
വേഗത നിയന്ത്രിക്കാൻ സെൻട്രൽ ഫ്ലോറിഡയിലുടനീളം വിവിധ നിയമപാലക ഏജൻസികൾ സ്പീഡ് ക്യാമറ നടപ്പാക്കുന്നതിനും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ നടത്തുന്നുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ ഓർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ സോണുകളിലെ അപകടകരമായ ഡ്രൈവിംഗിനെ കുറിച്ച് ക്രോസിംഗ് ഗാർഡ് ലോറി ബ്രോഡസ് ആശങ്ക പ്രകടിപ്പിച്ചു.
“അവർക്ക് എത്ര വേണമെങ്കിലും വേഗത്തിൽ പോകാമെന്നതാണ് ചിലരുടെ വിചാരം. എന്നാൽ, ഇത് ഓട്ടോബാൻ അല്ല,” മെൻ അഭിപ്രായപ്പെട്ടു. “ഈ നിയമം പാസാക്കിയാൽ കുറെയധികം പേരെ പിന്തിരിപ്പിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു വർഷത്തേക്ക് ലൈസൻസ് നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല.”