നിരോധിത ദ്വീപിലേക്കുള്ള അനധികൃത പ്രവേശനം: യുഎസ് പൗരന്‍ പോര്‍ട്ട് ബ്ലെയറില്‍ അറസ്റ്റില്‍

പോര്‍ട്ട് ബ്ലെയര്‍ ∙ ആന്തമാന്‍ നികോബാര്‍ ദ്വീപുകളിലെ നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ച യുഎസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ സെന്റിനല്‍ ദ്വീപിലെ ട്രൈബല്‍ റിസര്‍വ് ഏരിയയില്‍ കടന്നതിനാണ് 24-കാരനായ മൈഖാലിയോ വിക്ടറോവിച്ച് പോളിയാകോവ് മാര്‍ച്ച് 31ന് പിടിയിലായത്.
മാര്‍ച്ച് 26ന് പോര്‍ട്ട് ബ്ലെയറിലെത്തിയ പോളിയാകോവ്, 29-ാം തീയതി കുര്‍മ ദേരാ ബീച്ചില്‍നിന്ന് ബോട്ടില്‍ നിരോധിത പ്രദേശത്തിലേക്ക് കടന്നു. സെന്റിനെല്‍ ഗോത്രവിഭാഗക്കാര്‍ക്ക് നല്‍കാനായി തേങ്ങയും കോള കാനും കൈവശം കരുതിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദ്വീപിലെത്തിയ ഇയാള്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ആരെയും കാണാനായില്ല. ഏകദേശം ഒരു മണിക്കൂറോളം തീരത്തുനിലകൊണ്ടു ചൂളമടിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
അഞ്ചുമിനിറ്റോളം തീരത്തിറങ്ങിയ ശേഷം തേങ്ങയും കോളയും ഉപേക്ഷിച്ച് പോളിയാകോവ് മടങ്ങി. മണലിന്റെ സാമ്പിള്‍ ശേഖരിച്ച് വിഡിയോയും ചിത്രീകരിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരികെയാത്ര ആരംഭിച്ച ഇയാള്‍ വൈകിട്ട് ഏഴുമണിയോടെ കുര്‍മ ദേര ബീച്ചിലെത്തിയപ്പോള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ കാണുകയായിരുന്നു.
പോളിയാകോവിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഡിജിപി എച്ച്.എസ് ധലിവാല്‍ പറഞ്ഞു. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതാദ്യമായല്ല പോളിയാകോവ് ആന്തമാന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലും ഇക്കൊല്ലം ജനുവരിയിലും ഇയാള്‍ ഇവിടെ എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.