കാസര്‍ഗോഡ് ആരംഭിക്കുന്ന ഐ.ഐ.പി.ഡി പദ്ധതി ഭിന്നശേഷി മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം : മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ആരംഭിക്കുന്ന ഐ.ഐ.പി.ഡി പദ്ധതി ഭിന്നശേഷി മേഖലയിലേയ്ക്ക് സര്‍ക്കാര്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഭിന്നശേഷി മേഖലയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ മുതുകാടിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഭിന്നശേഷി മേഖലയില്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭിന്നശേഷി മേഖലയ്ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് പല്ലേഡിയം ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര ഐ.ഐ.പി.ഡി വെബ്സൈറ്റ് പ്രകാശനം ചെയ്തു. ചടങ്ങില്‍ എന്‍.ആര്‍.ഡി.സി രക്ഷാധികാരിയും പല്ലേഡിയം ഓഡിറ്റോറിയം ഉടമയുമായ മണികണ്ഠന്‍ മേലത്ത്, ബി.പി.സി.എല്‍ പ്രതിനിധി ജയദീപ്, കാനാറാ ബാങ്ക് പ്രതിനിധി ശ്രീകാന്ത് എം.കെ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പി.മനോജ് കുമാര്‍, പ്രോജക്ട് ഷെല്‍ട്ടര്‍ സ്ഥാപകന്‍ ഫാ.ജോര്‍ജ് കണ്ണന്താനം തുടങ്ങിയവരെ ആദരിച്ചു. എം.പിമാരായ പി.വി അബ്ദുള്‍ വഹാബ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, എം.രാജഗോപാലന്‍ എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാത.കെ, ജില്ലാ കളക്ടര്‍ ഇംബ ശേഖര്‍ ഐ.എ.എസ്, പോത്താംകണ്ടം ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ ഭാരതി, എസ്.പി ഡി.ശില്‍പ്പ, ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ചലച്ചിത്രതാരം രാഘവന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ മോഹനന്‍, അഡ്വ.ഹരിരാജ് എം.ആര്‍, ജയഡാളി, പ്രഹ്ലാദ് ആചാര്യ, ഷൈലാതോമസ്, മഹേഷ് ഗുപ്തന്‍, ജഗദീശന്‍, തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മടിക്കൈയില്‍ 20 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.
100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും. പ്രതിവര്‍ഷം 500 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സെന്ററിലെ സേവനങ്ങള്‍ ലഭിക്കും.


