വി. കെ പവിത്രന്‍ ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 13 ഞായറാഴ്ച

ഞങ്ങളിലില്ലാ ഹൈന്ദവ രക്തം എന്നു തുടങ്ങുന്ന മുദ്രാവാക്യം രചിച്ച യുക്തിചിന്തകന്‍
മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും; എഴുത്തുകാരന്‍ ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തും
എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍, പി വിജയന്‍ ഐപിഎസ്, കെ എ്ന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ, ജസ്റ്റിസ് കെ കെ ദിനേശന്‍, കുരീപ്പുഴ ശ്രീകുമാര്‍, അഡ്വ. എസ്. എം. മതിവദനി തുടങ്ങിയവര്‍ പങ്കെടുക്കും
കൊച്ചി: കേരളത്തിലെ മിശ്രവിവാഹ പ്രസ്ഥാനത്തിന്റെ സ്ഥാപകനും അരനൂറ്റാണ്ടുകാലം അതിന്റെ അമരക്കാരനുമായിരുന്ന വി. കെ. പവിത്രന്റെ ജന്മശതാബ്ദി സമ്മേളനം ഏപ്രില്‍ പതിമൂന്ന് ഞായറാഴ്ച എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജാതിമതരഹിതമായ ഒരു നാളേക്കായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന വി. കെ. പവിത്രനാണ് ”ഞങ്ങളിലില്ലാ ഹൈന്ദവ രക്തം” എന്നു തുടങ്ങുന്ന മുദ്രാവാക്യം രചിച്ചത്. കേരള മിശ്രവിവാഹ വേദി, കേരള യുക്തിവാദ സംഘം (കെവൈഎസ്) എന്നീ സംഘടനകളാണ് ശതാബ്ദി ആഘോഷത്തിന്റെ സംഘാടകര്‍. ശതാബ്ദി സമ്മേളനത്തോടൊപ്പം മതരഹിതരുടെ സംഗമം, മതരഹിതരുടെ അവകാശ പ്രഖ്യാപനം, പുസ്തക/സ്മരണിക പ്രകാശനങ്ങള്‍, കാവ്യാഞ്ജലി തുടങ്ങിയവയും നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കേരള മിശ്രവിവാഹ സംഘം പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ വാകത്താനം അദ്ധ്യക്ഷത വഹിക്കും. കെവൈഎസ് ജനറല്‍ സെക്രട്ടറി ടി. കെ ശശിധരന്‍ സ്വാഗതം ചെയ്യും. എഴുത്തുകാരന്‍ ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. കെവൈഎസ് പ്രസിഡന്റ് ഗംഗന്‍ അഴീക്കോട് പിഎസ് രാമന്‍കുട്ടിക്കു നല്‍കി സുവനീര്‍ പ്രകാശിപ്പിക്കും. പവിത്രന്‍ സഹരചയിതാവായ വിജാതീയം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പി. വിജയന്‍ ഐ.പി.എസിന് നല്‍കി പ്രകാശിപ്പിക്കും. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ജസ്റ്റിസ് കെ. കെ ദിനേശന്‍, അഡ്വ. കെ.എന്‍ അനില്‍കുമാര്‍, സുനില്‍ ഞാളിയത്ത്, അഡ്വ. മോഹനചന്ദ്രന്‍, അലി അക്ബര്‍, കൌണ്‍സിലര്‍ ദീപാ വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും. വി. കെ പവിത്രന്റെ കുടുംബാംഗങ്ങളായ സതി പവിത്രന്‍, എസ്. രമണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ”ഞങ്ങളിലില്ലാ ഹൈന്ദവ രക്തം” എന്ന കാവ്യഭാഗത്തിന്റെ സംഗീതാവിഷ്‌കാരവും സമ്മേളനത്തിന്റെ പ്രാരംഭത്തില്‍ അരങ്ങേറും. ശൂരനാട് ഗോപന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തും.
ഉച്ചയ്ക്കു 2ന് നടക്കുന്ന മതരഹിത സംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് മാനവം, എന്‍. ജി. സ്വീറ്റി, സജിത് ശങ്കരന്‍, എം. വി. മുക്ത, ഷിജി ജെയിംസ് എന്നിവര്‍ ചര്‍ച്ച നയിക്കും. പി. ഇ. സുധാകരന്‍ സ്വാഗതം ചെയ്യും. ദ്രാവിഡ കഴകം സെക്രട്ടറി അഡ്വ. എസ്. എം മതിവദനി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. മനിത മൈത്രി അവകാശപത്രിക അവതരിപ്പിക്കും. ചലചിത്രതാരം മിനോണ്‍, ഡോ. അനാമിക, ഡോ. തനിമ എസ്, മനീഷ പി.എം, മിഡാഷ പി. എം, ഇ. കെ. ലൈല തുടങ്ങിയവര്‍ പങ്കെടുക്കും.. കെ. പി തങ്കപ്പന്‍ നന്ദി രേഖപ്പെടുത്തും. മജീഷ്യന്‍ ആര്‍. കെ മലയത്ത് അവതരിപ്പിക്കുന്ന മൈന്‍ഡ് ഡിസൈന്‍, അഡ്വ. അംബരീഷ് ജി വാസുവും സംഘവും അവതരിപ്പിക്കുന്ന കവിതയും കലാപവും എന്ന പേരിലുള്ള കാവ്യസദസ്സും തുടര്‍ന്ന് നടക്കും.