CrimeKeralaLatest News

പീഡനശ്രമം ചെറുത്തതിന് യുകെജി വിദ്യാർത്ഥിയെ കുളത്തിൽ മുക്കിക്കൊന്നു; അയൽവാസി യുവാവ് അറസ്റ്റിൽ

മാള : കുഴൂരിൽ ആറുവയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ കുളത്തിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനശ്രമം ചെറുത്തതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ അറിയിച്ചു.

കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷ് – നീതു ദമ്പതികളുടെ മകനായ ഏബലാണ് (6) മരിച്ചത്. താണിശ്ശേരി സെന്റ് സേവിയേഴ്സ് സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയായിരുന്നു കുട്ടി.

വ്യാഴാഴ്‌ച വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ആരംഭിച്ച തിരച്ചിലിലാണ് രാത്രി ഒൻപതിന് വീടിന് സമീപമുള്ള കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അയൽവാസി ജോജോയെയാണ് (20) പൊലീസ് ചോദ്യം ചെയ്തത്. തുടക്കത്തിൽ മൊഴി നൽകിയ പ്രതി, കുളത്തിൽ വീണെന്ന് പറഞ്ഞെങ്കിലും പിന്നീടാണ് മുക്കിക്കൊലപ്പെടുത്തിയതായി സമ്മതിച്ചത്.

കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, അമ്മയോട് പറയുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് കൊലപാതകമെന്ന് പ്രതി മൊഴിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ചാമ്പക്ക തരാമെന്ന് പറഞ്ഞ് കുളത്തിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി, തുടർന്ന് കുളത്തിൽ തള്ളിയെന്നും കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും വീണ്ടും വീണ്ടും കുളത്തിലേക്ക് തള്ളിയെന്നും മൊഴിയിലുണ്ട്.

കുട്ടിയുമായി പ്രതി ഓടുന്ന ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടിയെ സമീപത്തെ പാടത്തിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ശക്തിപ്പെടുത്തിയത്. പ്രതിയും തിരച്ചിലിൽ പങ്കാളിയായിരുന്നുവെങ്കിലും തുടക്കം മുതൽ തന്നെ അവന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു.

പ്രതിക്ക് മുൻകൂട്ടി ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാൾ ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) കഴിയുകയുമായിരുന്നു.

കുട്ടിക്ക് സഹോദരങ്ങൾ: ആഷ്വിൻ, ആരോൺ. മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show More

Related Articles

Back to top button