CinemaKeralaLatest News

ആലപ്പുഴ ജിംഖാനയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഖാലിദ് റഹ്‌മാന്‍, നസ്ലെന്‍, ഗണപതി

അമെച്വർ ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ. സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍  ഐഎംഡിബിയുടെ (ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്) എട്ടരലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള  യുട്യൂബ് ചാനലിലെ ബിഹൈന്‍ഡ് ദി സീന്‍സ് പരമ്പരയിലാണ് മൂവരും ആലപ്പുഴ ജിംഖാനയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.   https://www.youtube.com/watch?v=I2sjVT38Xx0

ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ ആശയത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ പറയുന്നു, “ പെട്ടെന്നുണ്ടായ ഒരു ചിന്തയായിരുന്നു അത്. ഒരടുത്ത സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍  ഞങ്ങള്‍ ചില പഴയ ഓർമ്മകൾ ഇങ്ങനെ പങ്കുവെക്കുകയായിരുന്നു. അതിനിടയിൽ നിന്നാണ്  ബോക്സിംഗ് പ്രമേയമാക്കി കുറച്ചു ചെറുപ്പക്കാരെ വെച്ച് ഒരു സ്പോർട്സ് കോമഡി സിനിമ ചെയ്താലോ എന്ന ചിന്ത വന്നത്. അങ്ങനെയാണ് ആലപ്പുഴ ജിംഖാന സംഭവിക്കുന്നത്.

 നസ്ലെനും ഗണപതിയും മികച്ച അഭിനേതാക്കളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നസ്ലെന്‍ തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളുടെ ശൈലിയുമൊക്കെ വേറിട്ടു നില്ക്കുന്നു. നസ്ലെന് ഒരു നല്ല ഭാവിയുണ്ടെന്ന് എനിക്കുറപ്പായിരുന്നു. വളരെ എനര്‍ജെറ്റിക്കായ ഒരു കഥാപാത്രമാണ് ജിംഖാനയിലെ ജോജോ.  ഞാൻ ആ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചപ്പോൾ തന്നെ അവന്‍ സമ്മതിക്കുകയായിരുന്നു.  ഗണപതിയെ എനിക്കു വർഷങ്ങളായി അറിയാം. ഞങ്ങൾ മഞ്ഞുമ്മൽ ബോയ്സിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നല്ല എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഈ കഥാപാത്രം ഗണപതി ഭംഗിയായി ചെയ്യുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു.” ഖാലിദ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

“ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ നന്നായി പണിയെടുക്കേണ്ടി വരുമെന്ന് ഏകദേശധാരണ കിട്ടിയിരുന്നു. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്ന സ്വഭാവരീതിയാണ് ജോജോയ്ക്കുള്ളത്. അതുകൊണ്ടു തന്നെ എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ആ കഥാപാത്രം മികച്ചതാക്കാനാണ് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുള്ളത്.” നസ്ലെന്‍ പറഞ്ഞു.

 “മഞ്ഞുമ്മൽ ബോയ്സിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും റിലീസിന് തൊട്ടുമുമ്പുമായിരുന്നു  ഈ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്.  തുടക്കത്തിൽ എനിക്കിത് കുറച്ച് ബുദ്ധിമുട്ടായിരുന്നു, കാരണം ഈ റോൾ എനിക്ക് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. ശാരീരികമായും മാനസികമായും ഒരുപാട് ചലഞ്ചിംഗ് ആയിരുന്നു ഈ കഥാപാത്രം. എനിക്കിത് തീർത്തും പുതിയൊരനുഭവമായിരുന്നു.” ഗണപതി പറഞ്ഞു.

Show More

Related Articles

Back to top button