പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ സേഫ്റ്റി പിന്‍; വിപിഎസ് ലേക്‌ഷോറിൽ വിജയകരമായി പുറത്തെടുത്തു.

കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രി എമർജൻസിയിൽ എത്തിച്ചത്.
4 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതായി എക്സ് റെയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി നടത്തി. വിപിഎസ് ലേക്‌ഷോറിലെ പൾമണറി ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൾട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ബ്രോങ്കോസ്കോപ്പി നടത്തിയത്.
“ശ്വാസനാളത്തിൽ പിൻ ഉണ്ടെന്ന് ഇമേജിംഗിലൂടെയാണ് സ്ഥിരീകരിച്ചത്. പിൻ ആസ്പിറേഷൻ കേസുകളിൽ, പ്രത്യേകിച്ച് ചെറിയ വസ്തുക്കൾ ഉള്ളിലേക്ക് പോകാവുന്ന സാധ്യത കൂടുതലുള്ള കുഞ്ഞുങ്ങളിൽ, വേഗത്തിലുള്ള മെഡിക്കൽ ഇടപെടൽ പ്രാധാനമാണ്. കുട്ടി ഇപ്പോൾ സുഖം പ്രാപിക്കുന്നു,” ഡോ. മുജീബ് റഹ്മാൻ പറഞ്ഞു.
“ശിശുക്കൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ അടിയന്തര ഇടപെടൽ പ്രധാനമാണ്. എമർജൻസിയിൽ എത്തുന്ന ഏതൊരു രോഗിക്കും സമയം വൈകാതെ കൃത്യമായ രോഗനിർണയം നടത്തി വേണ്ട ചികിത്സ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വേഗത, കൃത്യത, തടസ്സമില്ലാത്ത ഏകോപനം എന്നിവയിലൂടെ ദ്രുത പ്രതികരണത്തിലും ഗുണമേന്മയുള്ള ചികിത്സയ്ക്കും ഞങ്ങൾ നൽകുന്ന പ്രാധാന്യം ഞങ്ങളുടെ മെഡിക്കൽ ടീം പ്രതിഫലിപ്പിച്ചു”, മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.