യു.എസ്. ഹൈവേയിൽ ടൂർ വാനും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം: ആറുപേർ വിദേശ വിനോദസഞ്ചാരികൾ

ഐഡഹോയിൽ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്കുള്ള യാത്രയ്ക്കിടെ ടൂർവാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഏഴ് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ മരിച്ച ആറുപേരും യു.എസ്.യുടെ പുറത്തുനിന്നുള്ള വിനോദസഞ്ചാരികളാണ്.
കിഴക്കൻ ഐഡഹോയിലെ ഹെൻറീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം യുഎസ് ഹൈവേ 20-ൽ വ്യാഴാഴ്ച വൈകുന്നേരം ഏഴരയ്ക്കായിരുന്നു അപകടം. 14 വിദേശികളടങ്ങിയ ടൂറിസ്റ്റ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാനിലുണ്ടായിരുന്ന ആറുപേരും പിക്കപ്പ് ട്രക്ക് ഡ്രൈവറും സംഭവസ്ഥലത്തുവച്ചുതന്നെ മരണം കണ്ടു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീ പിടിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി സ്റ്റേറ്റ് പൊലീസ് വക്താവ് ആരോൺ സ്നെൽ അറിയിച്ചു.
പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് ടെക്സസിലെ ഹംബിളിൽ നിന്നുള്ള 25 കാരനായ ഇസൈഹ് മൊറീനോയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു മരിച്ചവരുടെ തിരിച്ചറിയൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കഴിയുകയുള്ളൂ. രണ്ടു പേർ ഇറ്റലിക്കാരാണ് എന്ന് സ്ഥിരീകരിച്ചുവെങ്കിലും മറ്റ് സഞ്ചാരികൾ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന് വ്യക്തമാവേണ്ടതുണ്ട്.
ഡോഡ്ജ് റാം മോഡൽ ട്രക്ക് പടിഞ്ഞാറോട്ട് പോകവെ, മെഴ്‌സിഡീസ് വാൻ യെല്ലോസ്റ്റോണിലേക്ക് കിഴക്കോട്ടായിരുന്നു സഞ്ചരിച്ചത്. അപകട കാരണം വ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി.