Blog

ഫോമാ ജനറൽ സെക്രട്ടറിയായി പോൾ പി. ജോസ് – ന്യൂയോർക്ക് റീജിയന്റെ ഏകകണ്ഠ നിർദ്ദേശം

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (FOMAA)യുടെ 2026-2028 കാലയളവിലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പോൾ പി. ജോസിനെ ന്യൂയോർക്ക് മെട്രോ റീജിയൻ നാമനിർദ്ദേശം ചെയ്തു. നിലവിൽ ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പോളിന്‍റെ പ്രവര്‍ത്തന മികവും ജനപ്രീതിയും അടിസ്ഥാനമാക്കിയാണു നേരത്തെ തന്നെ ഈ നിർണ്ണായക തീരുമാനമെടുത്തത്.

പദ്ധതികളിലും ചാരിറ്റി പ്രവർത്തനങ്ങളിലും നിറഞ്ഞ പങ്കാളിത്തം വഹിച്ച പോൾ, “അമ്മയോടൊപ്പം”, “ഉന്നതി”, “ഹെൽപ്പിംഗ് ഹാൻഡ്സ്”, “ഭവന പദ്ധതി”, “ഹെൽത്ത് കാർഡ് സ്കീം” തുടങ്ങിയ പദ്ധതികളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഫോമാ ജോയിന്റ് സെക്രട്ടറി എന്ന നിലയിലുണ്ടായിരുന്ന ചെറിയ സമയത്ത് തന്നെ സംഘടനാ കാര്യക്ഷമതയും ജനസമ്മതിയും സ്വന്തമാക്കിയ പോളിന്‍റെ നേതൃത്വം അടുത്ത ഘട്ടത്തിലേക്ക് ഉയരണമെന്നാണു റീജിയൻ കമ്മിറ്റിയുടെ വിലയിരുത്തൽ.

ന്യൂയോർക്ക് ഫ്ലോറൽ പാർക്കിലെ സന്തൂർ റെസ്റ്റോറന്റിൽ നടന്ന റീജിയണൽ എക്സിക്യൂട്ടീവ് യോഗത്തിൽ, വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ, കമ്മറ്റിയിലെ അംഗങ്ങൾ ഏകകണ്ഠമായാണ് പോളിനെ നാമനിർദ്ദേശം ചെയ്തത്. പോളിന്‍റെ സമഗ്ര പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുരംഗത്തും സംഘടനാ നിലയിലുമായി വ്യക്തിമുദ്ര പതിപ്പിച്ച പോൾ, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ അഭിമാനകരമായി മുന്നോട്ടു കൊണ്ടുപോയിരുന്നു.

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥനായ പോൾ, വിവിധ സാമൂഹിക സംഘടനകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി തുടരുകയാണ്. ഇൻഡ്യൻ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻറ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സെക്രട്ടറി, നോർത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ തുടങ്ങി നിരവധി നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജനങ്ങളുടെ ആത്മാർത്ഥ പിന്തുണയും സംഘടനാ അനുഭവ സമ്പത്തും തന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും പുറമേ പ്രവർത്തനത്തിനാണ് മുന്‌തൂക്കം നൽകുന്നതെന്നും, അത് ജനങ്ങൾ ഇതിനകം തന്നെ തിരിച്ചറിഞ്ഞെന്നും പോൾ പറഞ്ഞു.

തുടർ തെരഞ്ഞെടുപ്പ് നടപടികൾ സമയാധിഷ്ഠിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗം അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button