വിമാനയാത്രക്കാർക്ക് കർശന സുരക്ഷ; മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം

കൊച്ചി : രാജ്യത്തിന്റെ സുരക്ഷാ സാഹചര്യത്തിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കായി കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ നടപ്പാക്കാൻ സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം പുതിയ ക്രമീകരണങ്ങളുമായി ഇന്ത്യൻ വിമാനത്താവളങ്ങൾ. കേരളത്തിലുള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും ട്രിപ്പിള്‍ സുരക്ഷാ നിലപാടാണ് നിലവിൽ പ്രാബല്യത്തിലായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നിലവിലുള്ള സുരക്ഷാ പരിശോധനകൾക്കൊപ്പം ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ എന്ന പേരിൽ ബോർഡിങ് ഗേറ്റിന് സമീപം പ്രത്യേക പരിശോധന നടത്തുന്നു. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ബാഗുകളെയും ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വിശദമായി പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷം മാത്രമേ യാത്രയ്ക്കായി വിമാനം കയറാൻ അനുമതിയുണ്ടാകൂ.
100 ശതമാനം സിസിടിവി കവറേജ് ഉറപ്പാക്കാനും വിമാനങ്ങളിലെ കേറ്ററിങ് അടക്കമുള്ള സേവനങ്ങളും പരിശോധനയ്ക്കു വിധേയമാക്കാനും നടപടികളെടുക്കുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായും കാലതാമസം ഒഴിവാക്കാനുമായും വിമാനയാത്രക്കാർ കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു.