
അർത്ഥത്തിലും വ്യാപ്തിയിലും അനശ്വരമാകുന്ന ഒരു ജീവിതത്തിന്റെ ഉടമയാണ് നമ്മെ വിട്ടു പിരിഞ്ഞ കെ.വി. റാബിയ. രാജ്യത്തിന്റെ പത്മശ്രീ പുരസ്ക്കാരം റാബിയെ തേടിയെത്തിയത് അഗ്നി ചിറകുകളായി അക്ഷരങ്ങളുടെ കൂടെ നടത്തിയ പ്രയാണത്തിനാണ്. ശാരീരിക വൈകല്യങ്ങൾ മനസിനെ തളർത്തിയെങ്കിലും
റാബിയ തന്റെ ജീവിതം സമൂഹത്തിന് നൽകാൻ പ്രാപ്തിയാക്കി.
മുസ്ലീം സമുദായത്തിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് അധിഷ്ഠിതമായ ഇസ്ലാം അനുശാസിക്കുന്ന തത്വസംഹിതകളിൽ ഏറെ പ്രാമുഖ്യം നൽകുന്ന അക്ഷരജ്ഞാനം പകർന്നു കൊടുക്കുക എന്ന മഹിമയാർന്ന ദൗത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു.
സമ്പൂർണ്ണ സാക്ഷര കേരളത്തിന്റെ വിജയത്തിന് റാബിയ നൽകിയ നിസ്വാർത്ഥമായ സേവന സമർപ്പണം ചരിത്രരേഖയാണ്. വീൽചെയറിലും പരസഹായത്തോടെ വാഹനങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും സഞ്ചരിച്ച് വയോജന
വിദ്യാഭ്യാസത്തിന്റെ നവോത്ഥാന പാത വെട്ടി തെളിച്ച റാബിയ ഒരിക്കലും നിരാശപ്പെട്ടില്ല.
പ്രവാസി സമൂഹത്തിന്റെ ഒട്ടേറെ ആദരവുകൾക്ക് ആ മഹതി അർഹയായി. ഒരു പതിറ്റാണ്ടിന് മുമ്പ് കോഴിക്കോട്ടെ ഒരു വേദി ഞാനും റാബിയ എന്ന അക്ഷര ചക്രവർത്തിനിയുമായി പങ്കിട്ടു. അന്നു , അവർ സംസാരിച്ച ഒരു വാക്യം എന്റെ മനസിൽ സ്ഥിര പ്രതിഷ്ഠയായിമാറി.…. കാലം കടന്നുപോയി. ഞാനറിഞ്ഞില്ല. ഞാനറിഞ്ഞത് ശാരീരിക വെല്ലുവിളികളെ നേരിട്ട സന്ദർഭങ്ങളിലാണ്.
ആര് ആരെ സംരക്ഷിക്കുമെന്നതിന് നിർവചനം ഞാൻ കണ്ടെത്തി.
മനസിന്റെ താപനില ക്രമപ്പെടുത്താൻ എനിക്കു കഴിഞ്ഞു.
ഇന്നു – ഇവിടെ ഞാൻ എത്തിയില്ലേ….?
വാക്കുകൾ ക്കൊണ്ടു ശ്വാസം മുട്ടിച്ച റാബിയുടെ പ്രസംഗം കേൾക്കുമ്പോൾ ഞാൻ ചിന്തകളുടെ ആഴങ്ങളിലേക്ക് കടന്നുപോയി. വിസ്മരിക്കാൻ കഴിയാത്ത റാബിയുടെ ചിന്താസരണികളും പ്രവർത്തന വൈഭവങ്ങളും സമൂഹത്തിന് ഏറെ ഗുണപ്രദമായിട്ടുണ്ട്. അനുസ്യൂതം വൈജ്ഞാനിക അറിവ് അറിയാൻ വെമ്പൽക്കൊണ്ടിരുന്ന റാബിയയെ പരിചയപ്പെട്ടവർക്കൊന്നും ആ ചിന്താശക്തിയെ മറക്കാൻ കഴിയില്ല.
നിതാന്തമായി നമുക്കു കാണാനും അനുഭവിക്കാനും സ്വീകരിക്കാനും റാബിയ ഒന്നു നൽകി.. മലയാളത്തിന്റെ സർഗ്ഗാത്മക നിറഞ്ഞ അക്ഷരശ്രീ . സർവ്വലോകത്തിനും
മാതൃകയാക്കിയ സാക്ഷരതയുടെ മഹത്വം. വയോജന വിദ്യാഭ്യാസത്തിന്റെ
പ്രഭാപ്രസൂനം ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കട്ടെ!
പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്
ചെയർമാൻ
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ