EducationKeralaLatest News

കലാലോകത്തേയ്ക്ക് പുതിയ ചുവടുവയ്പുകളുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഞ്ചാം ബാച്ചിന് തുടക്കം.

തിരുവനന്തപുരം:  കലാലോകത്തേയ്ക്ക് പുതിയ പ്രതീക്ഷകളുമായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ബാച്ചിലേയ്ക്ക് എത്തിയ ഭിന്നശേഷിക്കാരുടെ പ്രവേശനോത്സവം വര്‍ണാഭമായി.  പാട്ടുപാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും നിരവധി ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തിയത്.  കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു.  ഡിഫറന്റ് ആര്‍ട് സെന്ററിലെ അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.  കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്.

പ്രവേശനോത്സവ ചടങ്ങ് സാഹിത്യകാരന്‍ കെ.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ആശ്രയമാകുന്ന തരത്തില്‍ ഒരു സെന്റര്‍ ഇതാദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഡയറക്ടറും സെക്രട്ടറി ജനറലുമായ അരവിന്ദബാബു.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം പറഞ്ഞു.  ഒയിസ്‌ക പ്രതിനിധികളായ ആര്‍.അജയന്‍, സതീശന്‍, ലേഖാ കോരോത്ത്, വിനയകുമാര്‍ അഴിപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് ഒയിസ്‌ക ഇന്റര്‍നാഷണല്‍ അംഗങ്ങള്‍ ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് പ്രവേശനം നേടിയവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച ആയിരത്തില്‍പ്പരം അപേക്ഷകളില്‍ നിന്നാണ് പുതിയ ബാച്ചിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.  ഇവര്‍ക്ക് മാജിക്കും പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനമാണ് നല്‍കുക. ഇതിനായി പ്രത്യേക കരിക്കുലമാണ് ഉപയോഗിക്കുക.  കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്പോര്‍ട്സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button